Monday, November 17, 2008

ചുമട്താങ്ങി


തിരുവനന്തപുരം ജില്ലയില്‍ പാപ്പനംകോട്-- മലയിന്‍ കീഴ് റോഡരുകില്‍ മലയം ജംഗ്ഷനടുത്ത് ഇടത് വശത്തായി ഇപ്പോഴും കാണപ്പെടുന്ന ഒരു “ചുമട്താങ്ങി”യാണിത്. ഇക്കാലത്ത് ചുമടുതാങ്ങികള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 30-35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ തിരുവനന്തപുരം ജില്ലയിലങ്ങോളമിങ്ങോളം പാതയരുകില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് നിലയുറപ്പിച്ചിരുന്ന ചുമടുതാങ്ങികള്‍ നമ്മുടെ പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ്.വാഹനസൌകര്യമില്ലാതിരുന്ന പഴയ കാലത്ത് തലച്ചുമടുമായി കാല്‍നടയായി യാത്ര ചെയ്തിരുന്ന ജനങ്ങള്‍ക്ക് സ്വയം ചുമടിറക്കി വിശ്രമിക്കുവാന്‍ ഇത്തരം ചുമട്താങ്ങികള്‍ ഉപകരിച്ചിരുന്നു.കാലം കഴിഞ്ഞതോടുകൂടി വാഹനസൌകര്യങ്ങള്‍ ലഭ്യമാവുകയും ചരക്കുകള്‍ കൊണ്ട് പോകുവാന്‍ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ ചുമടൂതാങ്ങികളുടെ പ്രസക്തി നഷ്ടമായി.രാജഭരണകാലത്ത് സ്ഥാപിച്ച ഇത്തരം അത്താണികള്‍ നമ്മുടെ രാജ്യം ഭരിച്ചിരുന്ന പ്രജാക്ഷേമതല്‍പ്പരരായ രാജാക്കന്മാരുടെ മനുഷ്യസ്നേഹത്തെയാണ് കാണിക്കുന്നത്.
ചുമട്താങ്ങിയുടെ മറ്റൊരു ചിത്രം.


ശ്രദ്ധിച്ചുനോക്കിയാല്‍ തമിഴിലുള്ള എഴുത്ത് കാണാം
യാതൊരു തരത്തിലുമുള്ള യന്ത്രസാമഗ്രികളും ലഭ്യമല്ലാതിരുന്ന പഴയ കാലത്ത് വെറും മനുഷ്യപ്രയത്നം മാത്രമാണ് ഇതിന്റെ നിര്‍മ്മിതിക്ക് പുറകിലുള്ളത്. തൊട്ടടുത്തുള്ള മൂക്കുന്നിമലയില്‍ നിന്നായിരിക്കാം ഇതിനുള്ള അസംസ്കൃതവസ്തുക്കള്‍ ശേഖരിച്ചിട്ടുള്ളത്. ഉദ്ദേശം ഒരടി കനവും, രണ്ടടി വീതിയും, പത്ത് പന്ത്രണ്ടടി നീളവുമുള്ള കരിങ്കല്‍ സ്ലാ‍ബുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ചുമടുതാങ്ങിക്ക് സാധാരണയായി മൂന്ന് സ്ലാബുകള്‍ വേണം. രണ്ടെണ്ണം അടുത്തടുത്തായി കുഴിച്ച് നിര്‍ത്തി അതിന് മുകളില്‍ ഒരു സ്ലാബ് എടുത്ത് വച്ചാല്‍ ഒരു ചുമട് താങ്ങിയായി. സാധാരണയായി ഇതിനടുത്തായി ഒരു കിണറും കുഴിക്കാറുണ്ട്. വഴിപോക്കര്‍ക്ക് ചുമടിറക്കി വെള്ളവും കുടിച്ച് വിശ്രമിച്ചതിന് ശേഷം യാത്ര തുടരാവുന്നതാണ്. ഇതൊക്കെ ഇന്നത്തെ തലമുറയ്ക് അന്യമാണ്. നമ്മുടെ സാംസ്കാരികപൈതൃകത്തിന്റെ ബാക്കിപത്രങ്ങളാണിത്.

10 comments:

  1. ഇങ്ങ് വടക്കോട്ട്‌ മലബാറിലും ഇത്തരം ചുമടു താങ്ങികള്‍ റോഡരികില്‍ ഉണ്ടായിരുന്നു.വികസനത്തില്‍ പലതും അപ്രത്യക്ഷമായി . എന്നാലും ചില സ്ഥലങ്ങളില്‍ ഇപ്പോഴും കാണാറുണ്ട് .

    ReplyDelete
  2. പല സിനിമകളിലും ഇതു കണ്ടിട്ടുണ്ട്...ഇതു തന്നെയാണൊ എന്ന് ഉറപ്പില്ല കേട്ടോ.

    ReplyDelete
  3. വായിച്ചു മാഷെ,
    ആശംസകള്‍...

    ReplyDelete
  4. ഓര്‍മ്മകളുടെ ചുമടുതാങ്ങികള്‍

    ReplyDelete
  5. വഴിവക്കില്‍ ചുമടുതാങ്ങികള്‍ സ്ഥാപിക്കുന്നത് രാജാക്കന്മാരുടെ ഭരണപരിഷ്കാരമായി പണ്ട് ചരിത്രത്തില്‍ പഠിച്ചതോര്‍ക്കുന്നു.

    ReplyDelete
  6. മാഷെ..

    ഈ ചുമടു താങ്ങികളെ അത്താണി എന്നാണ് പറയുന്നത് ആയതിനാല്‍ ആ സ്ഥലത്തിന് അത്താണി എന്ന് പേരു കിട്ടുന്നു. അങ്ങിനെയൊരു അത്താണിയുടെ അടുത്താണ് എന്റെ വീട് (നെടുമ്പാശ്ശേരി വീമാനത്താവളത്തിന്റെ പ്രവേശന കവാടം)

    നന്ദി മാഷെ

    ReplyDelete
  7. നന്ദി ആദര്‍ശ്, സ്മിത, ചാണക്യന്‍,മനു,അങ്കിള്‍, കുഞ്ഞന്‍.ബ്ലോഗ് സന്ദര്‍ശിച്ചതിനും, അഭിപ്രായം പ്രകടിപ്പിച്ചതിനും പെരുത്ത് നന്ദി.
    വെള്ളായണി

    ReplyDelete
  8. “ നീളുമീ വഴി ചുമടുതാങ്ങിതൻ തോളിനും വഴി കിണറിനും നന്ദി” സുഗതകുമാരിയുടെ നന്ദി എന്ന കവിതയിലെ വരികൾ.

    ഈ പോസ്റ്റ്നും നന്ദി:)

    ReplyDelete
  9. നല്ല പോസ്റ്റ്. നന്ദി

    ReplyDelete
  10. Good post vijayettaa...
    Really informative to our new Genereation...
    Thanks

    ReplyDelete