Monday, August 18, 2008

ബ്ലോഗ് ക്യാമ്പ് 2008 -- ഒരു അവലോകനം

ഒരു അകക്കാഴ്ച
കാത്തുനില്പിന്റെ നിമിഷങ്ങള്‍


കൊച്ചു വെളുപ്പാന്‍ കാലത്ത് എണീറ്റ് ധൃതിയില്‍ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ബൈക്കില്‍ തിരുവനന്തപുരം റയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ “ജനശതാബ്ദി” പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ചാടിപ്പിടിച്ച് ഡി-2 കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറിയപ്പോള്‍ കേരളഫാര്‍മര്‍ ചന്ദ്രേട്ടന്‍ അതിലുണ്ട്. ബാലാനന്ദന്‍ സാറും അതേ കൂപ്പേയില്‍ കയറിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൃത്യം 6.30-ന് തന്നെ ട്രയിന്‍ സ്റ്റേഷന്‍ വിട്ടു. മുന്‍ കൂട്ടി റിസര്‍വ്വ് ചെയ്തിരുന്നതിനാല്‍ സീറ്റ് കിട്ടാന്‍ പ്രയാസമുണ്ടായില്ല. 8.40-ന് ആലപ്പുഴയിലെത്തി. സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ മൂവരും ഒരു ആട്ടോ കൈ കാണിച്ച് പുന്നമടക്ക് പോകുവാന്‍ വാടക ചോദിച്ചപ്പോള്‍ 100.രൂപ ആകുമെന്ന് മറുപടി. വലിയ തുക ആകുമെന്ന് കണ്ട് ബസ്സില്‍ പോകുവാന്‍ തീരുമാനിച്ചു.
അവിടെ കൂടി നിന്നവരില്‍ ഒരാള്‍ ആലപ്പുഴ ബസ്സ് സ്റ്റേഷന്‍ വരെ ബസ്സ് ഉണ്ടെന്നും അവിടെ നിന്നും ആട്ടോ കിട്ടുമെന്നും പറഞ്ഞതനുസരിച്ച് അല്പം അകലെ പുറപ്പെടാന്‍ തയ്യാറായി നിന്ന ഒരു ബസ്സില്‍ ഞങ്ങള്‍ ഓടിക്കയറി. ആ ബസ്സില്‍ ആലപ്പുഴ ബസ്സ് സ്റ്റേഷനില്‍ എത്തി അവിടെ നിന്നും പാലം കയറി ഒരു ആട്ടോയില്‍ 40-രൂപ കൊടുത്ത് പുന്നമട ജട്ടിയില്‍ ഇറങ്ങി. കൃത്യം 9-മണിക്ക് ബോട്ട് പുറപ്പെടുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് ധൃതിയില്‍ ഞങ്ങള്‍ ഏതാനും ബോട്ടുകള്‍ കിടക്കുന്നിടത്ത് എത്തി. അവിടവിടെയായി അന്‍പതോളം പേര്‍ നില്‍ക്കുന്നതായി കണ്ടു. സംഘാടകരില്‍ ഒരാളായ ‘കെന്നി’യെ അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും കണ്ടില്ല. ബോട്ട് കഴുകുവാന്‍ കൊണ്ട് പോയിരിക്കുകയാണെന്നും 10-മണിയോടെ മാത്രമേ ജട്ടിയില്‍ എത്തുകയുള്ളുവെന്നും ചിലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് സര്‍വ്വശ്രീ. പ്രദീപ് സോമസുന്ദരം, കാര്‍ട്ടൂണിസ്റ്റ് സജീവ്, പ്രസന്നകുമാര്‍, ആനന്ദ്, മണി കാര്‍ത്തിക്, തുടങ്ങിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞു.

കാത്തിരുപ്പിന്റെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 10-മണിക്ക് തന്നെ ബോട്ട് ജട്ടിയില്‍ അടുത്തു. ഞങ്ങള്‍ ഓരോരുത്തരായി ബോട്ടില്‍ കയറി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ ബോട്ട് ജട്ടി വിട്ടു. തികച്ചും വ്യത്യസ്തവും, നവ്യവുമായ അനുഭവങ്ങള്‍ സമ്മാനിച്ച ഈ ക്യാമ്പിന് ഒട്ടേറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്.ഭീമന്‍ ഇരുനില ഹൌസ് ബോട്ട് തന്നെ ഒരു കൌതുകമാണ്. ഒരു കോണ്‍ഫറന്‍സിന്റെ നടപടിക്രമങ്ങളൊന്നുമില്ലാതെ പ്രകൃതിരമണീയമായ ചുറ്റുപാടില്‍ കായലിലെ ഓളങ്ങളോട് സല്ലപിച്ചും, ചുറ്റുപാടുമുള്ള നയനമനോഹരങ്ങളായ കാഴ്ചകള്‍ ആസ്വദിച്ചും ഹൌസ് ബോട്ടില്‍ ഒരു പകല്‍ ചിലവഴിക്കാന്‍ സാധിച്ചതിന് സംഘാടകരോട് നന്ദിയുണ്ട്.


സ്വയം പരിചയപ്പെടുത്തലോടെ ആരംഭിച്ച ക്യാമ്പ് ഒരു കനേഡിയന്‍ സായിപ്പിന്റെ ക്ലാസ്സോടെ ഉഷാറായി. ഇതിനിടയില്‍ എടുത്ത് പറയേണ്ട കാര്യം സജീവിന്റെ സാന്നിധ്യമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ക്യാമ്പംഗങ്ങളുടേയും കാരിക്കേച്ചര്‍ വരക്കാന്‍ സാധിച്ചു എന്നുള്ളത് എടുത്ത് പറയത്തക്ക കാര്യമാണ്. സജീവിന്റെ കാര്‍ട്ടൂണ്‍ വര
സര്‍വ്വശ്രീ. മണി കാര്‍ത്തിക്, കെന്നി, ആനന്ദ്, കേരള ഫാര്‍മര്‍ തുടങ്ങിയവരുടെ ക്ലാസ്സുകള്‍ അറിവിന്റെ
കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയി. കരിമീനും,താറാവിറച്ചിയും കൂട്ടിയുള്ള ഉച്ചയൂണ് എന്ത് കൊണ്ടും ഗംഭീരമായി.
.


ഞാന്‍ വെള്ളായണി.

ഉച്ചയൂണിന്റെ ആലസ്യത്തിലേക്ക് വഴുതിയ ക്യാമ്പംഗങ്ങളെ ഉഷാറാക്കിയതിന് സുപ്രസിദ്ധ പിന്നണിഗായകന്‍ പ്രദീപ് സോമസുന്ദരത്തിന് നന്ദി. ആഡിയോ ബ്ലോഗിനെ ക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഗംഭീരമായി. ഒന്ന് രണ്ട് പാട്ടുകളും അദ്ദേഹം പാടി.

വൈകുന്നേരം 5.30. മണിയോടെ ഈ അസാധാരണമായ കൂട്ടായ്മക്ക് തിരശ്ശീല വീണു. യാത്ര പുറപ്പെട്ട പുന്നമട ബോട്ട് ജട്ടിയില്‍ത്തന്നെ തിരിയെ എത്തി ഓരോരുത്തരായി പുറത്തിറങ്ങി യാത്രാമംഗളം ചൊല്ലി.ഞാനും കേരളാഫാര്‍മറും ബാലാനന്ദനും ഒരുമിച്ചാണ് മടക്കയാത്ര ആരംഭിച്ചത്. ഒരു ബ്ലോഗിനിയുടെ
കാറില്‍ ആലപ്പുഴ ബസ്സ് സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ്സ് കിട്ടാതെ റയില്‍ വേ സ്റ്റേഷനില്‍ പോകേണ്ടിവന്നു. ഭാഗ്യം കൊണ്ട് ജനശതാബ്ദി എക്സ്പ്രസ്സ് തന്നെ കിട്ടി. രാത്രി 8.30-ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.


ശാപ്പാട് കുശാല് ഒരു പ്രകൃതിദൃശ്യം