“പൂ വിളി പൂ വിളി പൊന്നോണമായി..........” സമൃദ്ധിയുടെയും, സ്നേഹത്തിന്റേയും,സമത്വത്തിന്റേയും സ്മരണകളുമായി ഒരു ഓണം കൂടി.മലയാളികള്‍ ഒന്നടങ്കം ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അത് കൊണ്ടാണ് ഓണം കേരളത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്നത്. എന്റെ ബാല്യകൌമാരകാലങ്ങളിലെ ഓണം ഒന്ന് വേറെ തന്നെയായിരുന്നു. ഇന്നത്തെ യാന്ത്രികവും, റെഡിമെയ്ഡുമായ ഓണത്തില്‍ നിന്നും എന്ത് കൊണ്ടും വേറിട്ട് നിന്ന ഒരു ഓണമായിരുന്നു അക്കാലത്തേത്. അക്കാലത്തെ ഓര്‍മ്മകള്‍ തന്നെ സന്തോഷം ഉളവാക്കുന്നതാണ്. മലയാളിയുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. കാര്‍ഷികവൃത്തിയിലൂടെ ലഭിച്ചിരുന്ന വരുമാനം കൊണ്ട് സുഭിക്ഷമായി ജീവിച്ചിരുന്ന ജനതയുടെ ഒരു വര്‍ഷക്കാലത്തെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു ഓണം. ഓണം വിളവെടുപ്പുത്സവം കൂടിയായി മലയാളികള്‍ ആഘോഷിച്ചിരുന്നു. കര്‍ക്കിടകമാസത്തിന്റെ അവസാനനാളുകളില്‍ തന്നെ നെല്ലുള്‍പ്പെടെയുള്ള വിളകളുടെ വിളവെടുപ്പ് പൂര്‍ത്തിയായിരിക്കും.
മഴയൊക്കെ മാറി ആകാശം പ്രസന്നമാവും. ഓണരാവുകളെ താലോലിക്കാന്‍ കുളിര്‍നിലാവുമായി പൂര്‍ണ്ണ ചന്ദ്രനും എത്തും. എങ്ങും ഹരിതാഭ. ചെടികളെല്ലാം പൂവിട്ട് നില്‍ക്കുന്ന വസന്തകാലം. പൂവിളിയും, കോലാഹലങ്ങളുമായി കാടും, മേടും, കുന്നും കയറിയിറങ്ങുന്ന ബാലികാബാലന്മാര്‍. കുട്ടികളെല്ലാം ഉത്സവഹര്‍ഷം കൊണ്ട് തുള്ളിച്ചാടും. അത്തം മുതല്‍ മിക്കവാറും എല്ലാവീടുകളിലും പൂക്കളമൊരുക്കാറുണ്ട്. തുമ്പ, മുക്കുറ്റി, കണ്ണാന്തളി, ചെമ്പരത്തി, എന്ന് വേണ്ട എല്ലാതരത്തിലുമുള്ള പൂക്കളും ഇതിനായി ഉപയോഗിക്കുന്നു.
“അന്നവിചാരം മുന്നവിചാരം” എന്നാണല്ലോ പ്രമാണം. ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ അത്തം നാള്‍ തൊട്ടേ തുടങ്ങും. മരം മുറിച്ച് വിറക് കീറി ഉണക്കി മഴ നനയാതെ അടുക്കി വയ്ക്കുകയാണ് പ്രധാനപ്പെട്ട ജോലി. പിന്നീട് കൊയ്തെടുത്ത നെല്ല് പുഴുങ്ങി അരിയാക്കി സൂക്ഷിക്കും. ഓണത്തിന് പുന്നെല്ലരിയുടെ ചോറുണ്ണണം എന്നാണ് വയ്പ്. (പുന്നെല്ലരി--പുതിയ നെല്ലിന്റെ അരി). സദ്യവട്ടങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ നമ്മുടെ പറമ്പില്‍ വിളഞ്ഞതായിരിക്കും. കായ് കറികള്‍, നേന്ത്രക്കായ്(ഏത്തന്‍ കായ), തേങ്ങ, തുടങ്ങിവയൊക്കെ ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നു.
ഓണാവധിക്കാലമായതിനാല്‍ എല്ലാ കാര്യങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടാവാറുണ്ട്. ഇന്നത്തെപ്പോലെ പഠനകാര്യങ്ങളില്‍ അമിതപ്രാധാന്യം അന്ന് കല്‍പ്പിച്ചിരുന്നില്ല.പഠനകാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള മാനസികസംഘര്‍ഷവും കുട്ടികള്‍ക്കുണ്ടായിരുന്നില്ല. നാടന്‍ പന്ത് കളി, പട്ടം പറത്തല്‍, ഊഞ്ഞാലാടല്‍, ഗോലികളി, കരിയിലമാടന്‍ കെട്ടല്‍, പെണ്‍കുട്ടികളുടെ തുമ്പിതുള്ളല്‍, തുടങ്ങിയ വിനോദങ്ങളുമായി കുട്ടികള്‍ അരങ്ങ് തകര്‍ക്കും.
ഒന്നാം ഓണത്തിന് മുന്‍പ് തന്നെ ഓണക്കോടിയും ഒരു ചെറിയ മഞ്ഞ മുണ്ടും കിട്ടും. മഞ്ഞമുണ്ടിന്റെ പ്രത്യേകമണം ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ച് നില്‍ക്കുന്നു. പുത്തനുടുപ്പുകളുമണിഞ്ഞ് മഞ്ഞമുണ്ടും തലയില്‍കെട്ടി ഞങ്ങള്‍ വീടിന് പുറത്തിറങ്ങുന്നു. അയല്‍ വീടുകളിലെ കുട്ടികളുമായി അടിച്ച് പൊളിക്കുകയാണ്. ഭക്ഷണസമയത്ത് മാത്രമേ വീട്ടിലെത്തുകയുള്ളൂ. ഇക്കാലത്തെപ്പോലെ കുട്ടികള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു.
ഊഞ്ഞാലാടല്‍ ലിംഗഭേദമന്യേ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഒരു വിനോദമാണ്. ഊഞ്ഞാലില്‍ എണീറ്റ് നിന്ന് കൊണ്ട് സ്വയം കാലുപയോഗിച്ച് തൊണ്ടല്‍ വെട്ടി അങ്ങ് ഉയരത്തില്‍ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കോടി തോര്‍ത്ത് എടുക്കുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ട്. നാടന്‍ പന്ത് കളിയാണ് വേറൊരു കളി. നല്ല വീതിയും വീതിയുമുള്ള ഗ്രൌണ്ട് പന്ത് കളിക്ക് ആവശ്യമാണ്. ഒരു ടീമില്‍ അഞ്ചില്‍ കുറയാതെ അംഗങ്ങള്‍ വേണം. ഒറ്റ, ഇരട്ട, മുറുക്കി, കവടി, താളം എന്നിങ്ങനെയാണ് പന്തടിക്കുന്നതിന് പറയാറുള്ളത്. ഒരു ടീമിലെ അംഗങ്ങള്‍ അടിക്കുന്ന പന്ത് എതിര്‍ടീമിലെ അംഗങ്ങള്‍ കൈ കൊണ്ട് പിടിക്കുകയാണെങ്കില്‍ പന്തടിച്ചയാള്‍ പുറത്ത് പോകും.
കൊയ്ത്ത് കഴിഞ്ഞ വിശാലമായ പാടങ്ങള്‍ ഇക്കാലത്ത് മറ്റൊരു വിനോദത്തിന്റെ വേദിയാവുന്നു. പന്ത് കളിയോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു വിനോദമാണ് പട്ടം പറത്തല്‍. പട്ടം സ്വയം ഉണ്ടാക്കാറാണ് പതിവ്. നല്ല കാറ്റുള്ള സമയത്ത് പട്ടം വളരെ ഉയരത്തില്‍ എത്തുന്നു. ഈ അവസരത്തില്‍ കുട്ടികളുടെ ആവേശം അണ പൊട്ടിയൊഴുകും.
കിളിത്തട്ട് കളിയാണ് മറ്റൊരു നാടന്‍ കളി. ഓണത്തോടനുബന്ധിച്ച് പഴയ കാലത്ത് കുട്ടികള്‍ കളിച്ചിരുന്ന വിവിധ തരം കളികള്‍ അന്യം നിന്ന് പോയിരിക്കുന്നു. ഈ കളികളെല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. ഇവയെ പുനരുജ്ജീവിപ്പിക്കണം. ഇത് എല്ലാ മലയാളികളുടേയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.
കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള പ്രദേശങ്ങളില്‍ ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും ദേശവ്യത്യാസമനുസരിച്ച് ആചാരങ്ങളിലും, കളികളിലും, ആഘോഷങ്ങളിലും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. കുമ്മാട്ടി, പുലികളി, തുടങ്ങിയവ തൃശൂരിലും പരിസരപ്രദേശങ്ങളിലും അരങ്ങേറുന്ന കളികളാണ്. കുമ്മാട്ടിക്ക് സമാനമായ മറ്റൊരു തരം കളിയാണ് തിരുവനന്തപുരം ജില്ലയിലും മറ്റും കാണപ്പെടുന്ന “കരിയിലമാടന്‍”. കുട്ടികളാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നത്. പത്തും പതിനഞ്ചും കുട്ടികള്‍ അടങ്ങുന്ന സംഘങ്ങള്‍ ഒരു കുട്ടിയെ വാഴയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞ് കെട്ടി കമുകിന്‍പാളകൊണ്ട് മുഖം മൂടിയും അണിയിച്ച് കൊട്ടും ആര്‍പ്പ് വിളികളുമായി ആനയിച്ച് വീട് വീടാന്തിരം കയറിയിറങ്ങുന്നു. ഇങ്ങനെ കയറിയിറങ്ങുന്ന സംഘങ്ങള്‍ക്ക് വീടുകളില്‍നിന്നും സമ്മാനങ്ങള്‍ കിട്ടാറുണ്ട്. ഈ വിനോദവും ഇപ്പോള്‍ അന്യം നിന്ന് പോയിരിക്കുന്നു.
ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് ഓണസദ്യക്കാണ്. വാഴയുടെ തുമ്പിലയിലാണ് (തൂശനില) വിഭവങ്ങള്‍ വിളമ്പുന്നത്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടത് ഭാഗത്ത് ഇലയുടെ തുമ്പ് വരത്തക്കവിധമാണ് ഇലയിടുന്നത്. ഇഞ്ചിക്കറി, നാരങ്ങക്കറി,മാങ്ങാക്കറി,കിച്ചടി,തോരന്‍, അവിയല്‍ ഈ ക്രമത്തിലാണ് കറികള്‍ വിളമ്പുന്നത്.
ശര്‍ക്കരവരട്ടിയും ഏത്തക്കാവറ്റലും ചെറുപഴവും പര്‍പ്പടകവും കറികള്‍ വിളമ്പുന്നതിന് എതിര്‍വശത്തായി മൂലയില്‍ വിളമ്പുന്നു. കറികളെല്ലാം വിളമ്പിയതിന് ശേഷമേ ചോറ് വിളമ്പാറുള്ളൂ.
ആദ്യം പരിപ്പ് കറിയും(തിരുവനന്തപുരത്ത് ഇതിന് ചെറുപയറ് പരിപ്പാണ് ഉപയോഗിക്കുന്നത്) നെയ്യും ഒഴിച്ച് പര്‍പ്പടകവും പൊടിച്ച് ചേര്‍ത്ത് ഊണ് തുടങ്ങുന്നു. പിന്നീട് സാമ്പാറ്, അത് കഴിഞ്ഞ് പ്രഥമന്‍, പുളിശ്ശേരി,രസം, മോര്, എന്നീ ക്രമത്തില്‍ വിളമ്പി അവസാനിപ്പിക്കുന്നു.
ഊണിന് ശേഷമാണ് കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഊഞ്ഞാലാടല്‍, കൈകൊട്ടിക്കളി, തിരുവാതിരകളി,അമ്മാനമാടല്‍, തുടങ്ങിയവ.
പുരുഷന്മാര്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. പഴയ കാലഓണം ഇന്ന് അവരവരുടെ ഓര്‍മ്മകളില്‍ മാത്രം. കടപ്പാട്: ഗൂഗിള്‍ ഫോട്ടോസ്