Sunday, July 22, 2012

കണ്ണകി സമക്ഷം..........

കേരളത്തിന്റേയും തമിഴ്നാടിന്റേയും അതിർത്തിയിൽ സ്ഥിതിചെയ്യുന്ന മംഗളാദേവിക്ഷേത്രം സംസ്ഥാനപുരാവസ്തുവകുപ്പിന്റെ സംരക്ഷിത ചരിത്രസ്മാരകമാണ്. ഇടുക്കിജില്ലയിലെ പീരുമേട് താലൂക്കിൽ കുമിളി വില്ലേജിലാണ് ഈ സ്മാരകം. സമുദ്രനിരപ്പിൽ നിന്നും ഏകദേശം 4000-അടി ഉയരത്തിൽ മംഗളാദേവിമലയുടെ നെറുകയിൽ തമിഴ്നാട്ടിലെ കമ്പം താഴ്വരയ്ക് അഭിമുഖമായി സ്ഥിതി ചെയ്യുന്ന ഈ ക്ഷേത്ര സമുച്ചയം എട്ടാം നൂറ്റാണ്ടിൽ നിലവിലിരുന്ന ക്ഷേത്രനിർമ്മാണകലയുടെ ബാക്കിപത്രമാണ്.

പ്രാചീനക്ഷേത്രനിർമ്മാണകലയുടെ ശൈശവദശയെ പ്രതിനിധാനം ചെയ്യുന്ന ഈക്ഷേത്രസമുച്ചയം നാശത്തിന്റെ വക്കിലാണ്. സംഘം സാഹിത്യകൃതികളിൽ പ്രധാനമായ 'ചിലപ്പതികാരത്തിലെ'നായിക കണ്ണകിയുടെ പ്രതിഷ്ഠയുള്ള ഈ ക്ഷേത്രം അക്കാരണം കോണ്ട് തന്നെ തമിഴരുടെയും ആരാധനാലയമാണ്. ഈയടുത്തകാലത്ത് തമിഴ്നാട് സർക്കാർ ക്ഷേത്രത്തിന്റെ ഉടമസ്ഥതയെച്ചൊല്ലി അവകാശവാദമുന്നയിക്കുകയുണ്ടായി.പാർലമെന്റിലും ഈ പ്രശ്നം ഡി.എം.കെ.പാർട്ടി ഉന്നയിച്ചു. അതിനെത്തുടർന്ന് ഭാരതസർക്കാർ ഇതിന്റെ നിജസ്ഥിതി അറിയിക്കാൻ കേരളസർക്കാരിന് നിർദ്ദേശം കൊടുത്തു.തൽഫലമായി സംരക്ഷണച്ചുമതലയുള്ള സംസ്ഥാനപുരാവസ്തുവകുപ്പ് ഒരു ഉന്നതതല ഉദ്യോഗസ്ഥ സംഘത്തെ മംഗളാദേവിക്ഷേത്രം സന്ദർശിച്ച് റിപ്പോർട്ട് സമർപ്പിക്കുവാൻ നിയോഗിച്ചു.സൂപ്രണ്ടിംഗ് ആർക്കിയോളജിസ്റ്റായിരുന്ന എന്നെയാണ് ഈ സംഘത്തിന് നേതൃത്വം നൽകുവാൻ ചുമതലപ്പെടുത്തിയത്.

നിരവധി തവണ  മംഗളാദേവി ക്ഷേത്രം സന്ദർശിച്ചിട്ടുണ്ടെങ്കിലും ഒരു വിദഗ്ദ്ധ പരിശോധനയ്കായി പോകുന്നത് ആദ്യമായിട്ടാണ്.പുരാവസ്തുവകുപ്പ് ഡയറക്ടർ,കൺസർവേഷൻ എഞ്ചിനീയർ,ഡ്രാഫ്റ്റ്സ്മാൻ എന്നിവരായിരുന്നു മറ്റ് സംഘാംഗങ്ങൾ.ഒരു മാസം മുൻപ് തന്നെ ഇടുക്കി ജില്ലാകളക്ടർക്കും വനം വകുപ്പ് അധികാരികൾക്കും സന്ദർശനത്തിന് വേണ്ട സൗകര്യങ്ങൾ ഒരുക്കുവാൻ ആവശ്യപ്പെട്ട് കൊണ്ട് കത്തുകൾ നൽകിയിരുന്നു.

2005 മേയ് മാസം രണ്ടാം തീയതി ഉച്ചയ്ക് ഞങ്ങൾ തിരുവനന്തപുരത്ത് നിന്നും ഔദ്യോഗികവാഹനത്തിൽ യാത്ര തിരിച്ചു.ചങ്ങനാശ്ശേരി-പൊൻ കുന്നം വഴി രാത്രി 9-മണിയോടെ 
പീരുമേട് റസ്റ്റ് ഹൗസിലെത്തി.ഉടൻ തന്നെ പീരുമേട് തഹൽസീദാരുമായി ഫോണിൽ ബന്ധപ്പെട്ട്
വിവരങ്ങൾ അറിയിച്ചു.പിറ്റേന്ന് രാവിലെ പത്ത് മണിക്ക് കുമിളി വില്ലേജാഫീസിൽ ഒത്ത് കൂടാമെന്നും,അവിടെനിന്നും മംഗളാദേവിക്ക് യാത്ര തിരിക്കാമെന്നും അറിയിച്ചു.നല്ല സുഖകരമായ കുളിരുള്ള രാത്രിയായിരുന്നു അത്.10-മണിയോടെ രാത്രി ഭക്ഷണവും കഴിഞ്ഞ് ഞങ്ങൾ നിദ്രയിലാണ്ടു.

മൂന്നാം തീയതി രാവിലെ തന്നെ ഉണർന്ന് എല്ലാവരും കുമിളിയിലേയ്ക് പോകുവാനുള്ള തയാറെടുപ്പിലായി.കൃത്യം 9-മണിക്ക് പുറപ്പെട്ട് 10-മണിയോടെ തന്നെ കുമിളിയിൽ എത്തി.തഹൽസീദാരും പരിവാരങ്ങളും ഒപ്പം സായുധരായ വനം വകുപ്പ് ഉദ്യോഗസ്ഥരും രണ്ട് 
ഫോർവീൽ ഡ്രൈവ് ജീപ്പുകളുമായി തയ്യാറായി നിന്നിരുന്നു.ദുർഘടമായ കയറ്റമായത് കൊണ്ട് സാധാരണ വാഹനങ്ങൾക്ക് കാട്ടുവഴിയിലൂടെ സഞ്ചരിക്കാൻ സാധിക്കില്ല.

11-മണിയോടെ ഞങ്ങൾ യാത്ര ആരംഭിച്ചു.കുമിളിയിൽ നിന്നും 13-കിലോമീറ്റർ അകലെയാണെങ്കിലും ഏകദേശം 5-കിലോമീറ്ററോളം ദൂരം കാട്ടുമൃഗങ്ങൾ യഥേഷ്ടം വിഹരിക്കുന്ന കൊടും കാടാണ്.ഒരു ജീപ്പിന് കഷ്ടിച്ച് സഞ്ചരിക്കുവാൻ സാധിക്കുന്ന വഴി മാത്രമാണുള്ളത്.

യാത്രയിലെ വഴി.....

മറ്റൊരു കാനനകാഴ്ച
വന്യചാരുത വീണ്ടും....
മറ്റൊരു കാനന കാഴ്ച
ഒരു പുൽമേട്
                                                                                 
വർഷത്തിൽ ചിത്രാപൗർണ്ണമി ദിവസം മാത്രമെ തീർത്ഥാടകർക്കായി ഇവിടേയ്ക് പ്രവേശനം അനുവദിക്കുകയുള്ളു.അന്ന് തമിഴ് നാട്ടിൽ നിന്നും കേരളത്തിൽ നിന്നും ആയിരക്കണക്കിന് ഭക്തന്മാർ ദുർഘടമായ കാട്ട് പാതകളിലൂടെ മല കയറി ക്ഷേത്രത്തിലെത്തി ആരാധന നടത്തുന്നു.
ചിത്രാപൗർണ്ണമി കഴിഞ്ഞനാളുകളിലായിരുന്നു ഞങ്ങളുടെ യാത്ര എന്നതിനാൽ സഞ്ചാരപഥം മുഴുവനും റവന്യൂ അധികാരികൾ കാട് വെട്ടി വൃത്തിയാക്കിയിരുന്നു.കാടും മലയും കയറിയിറങ്ങാൻ ഇഷ്ടപ്പെടുന്ന സഞ്ചാരികളുടെ മനം കവരുന്ന കാഴ്ചകളാണ് യാത്രയിൽ ഉടനീളവും.ചീവീടിന്റേയും,
കാട്ടുപക്ഷികളുടേയും,വന്യമൃഗങ്ങളുടേയും ചിലമ്പലും അലർച്ചയും നമുക്ക് കേൾക്കാം.കൊടും കാട്ടിലൂടെ 5-കിലോമീറ്റർ സഞ്ചരിച്ചാൽ കുറ്റിച്ചെടികൾ നിറഞ്ഞ ദുർഘടം പിടിച്ച കയറ്റമാണ്.വളരെ സാവധാനത്തിൽ അതിസൂക്ഷ്മതയോടെ വാഹനങ്ങൾ നീങ്ങിക്കൊണ്ടിരുന്നു.പാതയുടെ ഒരു വശം അഗാധമായ കൊക്കയാണ്.മലഞ്ചെരുവിൽ മേഞ്ഞ് കൊണ്ടിരുന്ന കുറെ കാട്ടുപോത്തുകളെ ഞങ്ങൾ കണ്ടു.

കാട്ടുപാതകൾ താണ്ടി കാടും മേടും കടന്ന് മലമുകളിൽ എത്തുന്നവരെ കാത്ത് ഇന്നുള്ളത് ഗതകാലസ്മരണകൾ അയവിറക്കി കിടക്കുന്ന കുറെ തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങളാണ്.ഗോപുരവാതിലുകളും,അഷ്ടദിക്ക് പാലകന്മാരും ചുറ്റമ്പലവും കുളവും എല്ലാമുണ്ടായിരുന്ന ശിലാക്ഷേത്രം തകർന്നടിഞ്ഞ അവസ്ഥയിലാണെങ്കിലും ഗതകാലത്തിന്റെ അനുരണനങ്ങൾ നമ്മെ പഴയ പ്രഭാവകാലത്തിലേയ്ക് നയിക്കുന്നു.

വീണിതല്ലോ കിടക്കുന്നു ധരണിയിൽ....
തകർന്ന് കിടക്കുന്ന ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
 കൂറ്റന്‍ കരിങ്കല്‍ തൂണുകള്‍ പാകി മതില്‍ കെട്ടി അതിരിട്ട മംഗളാദേവി മലയില്‍ ഇന്ന് മൂന്ന് ചെറിയ ക്ഷേത്രങ്ങള്‍ ഉണ്ടെങ്കിലും കണ്ണെകിയുടേതെന്ന് കരുതപ്പെടുന്ന പാതി തകര്‍ന്ന ഒരു വിഗ്രഹം മാത്രമാണ് മൂന്ന് ക്ഷേത്രത്തിലുമായി അവശേഷിക്കുന്നത്.പാദത്തിന് മുകളില്‍ വച്ച് തകര്‍ക്കപ്പെട്ട വിഗ്രഹത്തിന്റെ സ്ഥാനത്ത് ആര്യവേപ്പിലക്കമ്പ് കുത്തി നാട്ടി കണ്ണകിദേവിയെ സങ്കല്‍പ്പിച്ച് തമിഴ് ഭക്തന്മാര്‍ ഇവിടെ പൂജ നടത്തുന്നു.അവകാശത്തര്‍ക്കം മുറുകിയതോടെ വനം വകുപ്പ് ഭക്തരുടെ വഴി തടഞ്ഞെങ്കിലും തമിഴ് നാട് അതിര്‍ത്തിയിലൂടെ ഇന്നും ഭക്തന്മാര്‍ എത്തി പൂജ നടത്തിയതിന്റെ ലക്ഷണങ്ങള്‍ നമുക്കിവിടെ കാണാം.കണ്ണകിയുടെ പാതിവിഗ്രഹത്തിന് മുന്‍പില്‍  കുത്തിനാട്ടിയിരിക്കുന്ന ശൂലത്തില്‍ ഭക്തന്മാര്‍ കോര്‍ത്ത ചെറുനാരങ്ങ കാണാന്‍ കഴിഞ്ഞു.
തകർന്നടിഞ്ഞ ക്ഷേത്രാവശിഷ്ടങ്ങൾ
മറ്റൊരു കാഴ്ച
ഗണപതി പ്രതിഷ്ഠ
മറ്റൊരു ദൃശ്യം
ഉദ്യോഗസ്ഥവൃന്ദം
                                                                                 



തേക്കടി-ഒരു മനോഹരദൃശ്യം
                                                                                  
                                                                               










കൈയും,കാലും,കൊമ്പും തുമ്പിക്കൈയും പാതി അടര്‍ത്തിമാറ്റിയ നിലയിലുള്ള ഗണപതിയുടെ ശിലാപ്രതിമയ്ക് പുറമെ കരിങ്കല്ലില്‍ കൊത്തി വച്ച ഒട്ടേറെ അമൂല്യശില്‍പ്പങ്ങളും കാലത്തെ അതിജീവിച്ച് ഇവിടെ അവശേഷിക്കുന്നു.വ്യാളി,തുമ്പിക്കൈയുര്‍ത്തി നില്‍ക്കുന്ന ആന,പീലി വിടര്‍ത്തി ആടുന്ന മയില്‍,ദ്വാരപാലകന്മാര്‍,ശംഖ്,ചക്രം,താമര തുടങ്ങി ഒട്ടേറെ ശില്‍പ്പങ്ങള്‍ കരിങ്കല്ലില്‍ കൊത്തിയ കവിത പോലെ ഇന്നും മംഗളാദേവിയില്‍ കാണാം.തകര്‍ക്കപ്പെട്ട നിലയിലുള്ള നവഗ്രഹപ്രതിഷ്ഠയും വിഗ്രഹങ്ങളില്ലാത്ത രണ്ട് ചുറ്റമ്പലങ്ങളും കരിങ്കല്‍ ചുറ്റുമതിലും,മലമുകളിലെ ഒരിക്കലും വറ്റാത്ത കുളവുമെല്ലാം വിവാദകഥകളൊന്നും അറിയാതെ ഒരത്ഭുതം പോലെ ഇന്നും നിലനില്‍ക്കുന്നു.

വിവാദത്തിനിടയിലും ഇക്കഴിഞ്ഞ ചിത്രാപൌര്‍ണ്ണമി ദിവസം ധാരാളം തമിഴ് ഭക്തന്മാര്‍ ഇവിടെയെത്തി പൂജയര്‍പ്പിച്ച് മടങ്ങിയിരുന്നു.തേക്കടി വനത്തിലൂടെ 13-കിലോമീറ്റര്‍ വഴി താണ്ടി എത്താവുന്ന മംഗളാദേവിയിലേയ്ക് കമ്പം വഴി 12-കിലോമീറ്റര്‍ സഞ്ചരിച്ചാല്‍ തമിഴര്‍ക്ക് ഇവിടെ എത്തിച്ചേരാം.തമിഴ്നാട് ലോവര്‍ ക്യാമ്പ് വഴിയും വളരെ കുറച്ച് സമയം കൊണ്ട് ഇവിടെ എത്തിച്ചേരാം.പുല്‍മേടുകള്‍ കരിച്ച് ചില ഊട് വഴികളും അവര്‍ ഉണ്ടാക്കിയിട്ടുണ്ട്.

മധുര ചുട്ട് ചാമ്പലാക്കിയ കണ്ണകിയുടെ പ്രതിഷ്ഠയുള്ളത് കൊണ്ടും,ക്ഷേത്രാവശിഷ്ടങ്ങള്‍ തമിഴ് ക്ഷേത്രനിര്‍മ്മാണകലയെ അനുസ്മരിപ്പിക്കുന്നതുമായത് കൊണ്ടാണ് തമിഴ് നാട് മംഗളാദേവിക്ക് വേണ്ടി അവകാശവാദമുന്നയിക്കുന്നത്.എന്നാല്‍ ഭൂമിശാസ്ത്രപരമായി മംഗളാദേവിമല കേരളത്തിലാണ് സ്ഥിതി ചെയ്യുന്നത്.

സഹ്യപര്‍വ്വതത്തിന്റെ ഉച്ചിയിലുള്ള മംഗളാദേവി മല പ്രകൃതിരമണീയമായ സ്ഥലമാണ്. കരിമ്പാറക്ക് മുകളില്‍ മെത്ത വിരിച്ചത് പോലുള്ള പുല്‍പ്പരപ്പിലിരുന്ന് താഴേയ്ക് നോക്കിയാല്‍ മംഗളാദേവിയ്ക് വെള്ളിയരഞ്ഞാണം ചുറ്റിയ പോലുള്ള പെരിയാറും,തെങ്ങിന്തോട്ടങ്ങളും,സൂര്യകാന്തി തോട്ടങ്ങളും തിങ്ങിനിറഞ്ഞ കമ്പം തേനി പ്രദേശം ഉള്‍ക്കൊള്ളുന്ന തമിഴ് നാട് ഗ്രാമങ്ങളും നയനാനന്ദകരമായ കാഴ്ചയാണ്.പെരിയാറിലെ ഓളങ്ങളില്‍ തഴുകി വരുന്ന ഇളം കാറ്റ് പ്രത്യേക അനുഭൂതിയാണ്.

ഏകദേശം രണ്ട് രണ്ടര മണിക്കൂറുകള്‍ കൊണ്ട് പരിശോധനകളെല്ലാം പൂര്‍ത്തിയായി.ഉച്ചയ്ക് ഒരു മണിയോടെ കൈയില്‍ കരുതിയിരുന്ന ലഘുഭക്ഷണവും കഴിച്ച് ഞങ്ങള്‍ മലയിറങ്ങി.വൈകുന്നേരം 5-മണിയോടെ കുമിളി വഴി തേക്കടിയിലെത്തി.ഒരു മണിക്കൂര്‍ തേക്കടിയില്‍ ചെലവഴിച്ചതിന് ശേഷം കേരള വൈദ്യുതി ബോര്‍ഡിന്റെ മൂന്നാര്‍ ഗസ്റ്റ് ഹൌസില്‍ എത്തി രാത്രി അവിടെ തങ്ങി.പിറ്റേന്ന് രാവിലെ തന്നെ തിരുവനന്തപുരത്തിന് തിരിച്ചു.







                                                                           








Sunday, June 17, 2012

അഗസ്ത്യകൂടത്തിന്റെ നെറുകയിൽ........

അഗസ്ത്യകൂടത്തിലേക്കുള്ള  യാത്ര  കുട്ടിക്കാലം  മുതലുള്ള  ആഗ്രഹമായിരുന്നു. എന്നാൽ  വിദ്യാഭ്യാസം,  ജോലി തുടങ്ങിയ  തിരക്കുകൾ  കാരണം  ആഗ്രഹം  മാറ്റിവയ്ക്കേണ്ടിവന്നു. ജോലിയിൽ  നിന്നും  റിട്ടയർ  ചെയ്തതിന്  ശേഷം  ആഗ്രഹത്തിന്  ജീവൻ   വച്ചു.  അതിലേക്കായി  സമപ്രായക്കാരായ  രണ്ട്  സുഹൃത്തുക്കളെ  കൂടെ  കൂട്ടി.  വർഷത്തിൽ ഒരിക്കൽ  ജനുവരി  മദ്ധ്യത്തോടുക്കൂടി  ആ രംഭിച്ച്   ശിവരാത്രി   വരെ  നീളുന്ന  അഗസ്ത്യകൂടയാത്രക്ക്  വനം  വകുപ്പിന്റെ  അനുമതി   വേണം.  തിരുവനന്തപുരത്ത്  പി.റ്റി.പി.  നഗറിലുള്ള  വൈൽഡ്  ലൈഫ്     വാർഡന്റെ   ഓഫീസ്സിൽ  നിന്നുമാണ്  യാത്രക്കുള്ള  പാസ്സുകൾ  വിതരണം  ചെയ്യുന്നത്.  ഈ  വർഷം   ജനുവരി   11-മുതൽ   പാസ്സുകൾ   വിതരണം   ചെയ്യുമെന്ന്   അറിഞ്ഞതിനെ  തുടർന്ന്    ഞാനും   സുഹൃത്തായ   അരുളപ്പനും   കൂടി   പി.റ്റി.പി.  നഗറിലുള്ള   വൈൽഡ്   ലൈഫ്   വാർഡന്റെ   ഓഫീസ്സിൽ   രാവിലെ   8-  മണിക്ക്    തന്നെ   എത്തി.   പൂരപ്പറമ്പിലെ   ആൾക്കൂട്ടത്തെ    വെ ല്ലുന്ന    ജനപ്രളയം   അതിരാവിലെ    തന്നെ   അവിടെ   തമ്പടിച്ചിരിക്കുന്ന  കാഴ്ചയാണ്   കാണാൻ   കഴിഞ്ഞത്.   യാത്രയുടെ   കാര്യം    സ്വാഹ:   ആകുമോ   എന്ന ആശങ്ക  മനസ്സിൽ   കൂട്   കെട്ടി.   എല്ലാം   മാറ്റിവച്ച്   ഞങ്ങളും   ആ   ആൾക്കൂട്ടത്തിനിടയിലൂടെ   ക്യൂവിൽ   സ്ഥാനം   പിടിച്ചു.    ടോക്കൺ   എടുപ്പ്    മുതൽ   ഒരാൾക്ക്    350-   രൂപ    വീതം    അടച്ച്     അപേക്ഷാഫാറം    വാങ്ങുന്നത്    വരെയുള്ള   ജോലി    അതികഠിനം   തന്നെ.     അപേക്ഷേയോടൊപ്പം   ഫോട്ടോ   പതിച്ച    ഐഡന്റിറ്റി    കാർഡിന്റെ     രണ്ട്   ഫോട്ടോസ്റ്റാറ്റ്   കോപ്പിയും  നൽകണമെന്ന്    അപ്പോഴാണ്     അറിയുന്നത്.    ഐ. ഡി.   കാർഡ്   എടുത്തിട്ടില്ലാത്തതിനാൽ    അതെടുക്കാൻ    വീണ്ടും    വീട്ടിലേക്ക്    പോവേണ്ടി   വന്നു.   എന്തായാലും   വൈകുന്നേരത്തോടെ    മൂന്ന്    പേർക്കുമുള്ള    പാസ്സുകൾ   സംഘടിപ്പിച്ചു.




 ജനുവരി  29-  നാണ്    യാത്രക്കായി    ബോണക്കാട്    ഫോറസ്റ്റ്    സ്റ്റേഷനിൽ   റിപ്പോർട്ട്    ചെയ്യേണ്ടത്.   നടാടെയാണ്   എന്റെ   യാത്രയെങ്കിലും    മറ്റ്    സുഹൃത്തുക്കൾ    നിരവധി   തവണ
അഗസ്ത്യകൂടം   സന്ദർശിച്ചിട്ടുള്ളവരാണ്.     ഒരാഴ്ച    മുൻപ്    തന്നെ   ഒരുക്കങ്ങൾ    തുടങ്ങി.
മുടങ്ങിക്കിടന്ന     ചില    യോഗാസനമുറകൾ   പ്രാക്റ്റീസ്    ചെയ്ത്     തുടങ്ങി.    അങ്ങനെ    ആ
ദിവസവും     വന്നെത്തി.   വെളുപ്പാൻ   കാലത്ത്     4- മണിക്ക്     ശ്രീ    അരുളപ്പന്റെ    കാറിൽ
കാട്ടാക്കട-ആര്യനാട്- വിതുര    വഴി   യാത്ര   ചെയ്ത്   7-   മണിക്ക്    വിതുരയിലെത്തി.   അവിടെ   നിന്നും    ബോണക്കാട്ടേക്കുള്ള    യാത്ര    അതികഠിനമായിരുന്നു.   തേയില    എസ്റ്റേറ്റ്   വഴിയുള്ള
റോഡ്   കുണ്ടും  കുഴിയും   നിറഞ്ഞ്   ഗതാഗതയോഗ്യമല്ലാതായിത്തീർന്നിട്ട്    കാലങ്ങളേറെയായിരിക്കുന്നു.  തലേന്ന്   പെയ്ത്   മഴയിൽ   ചെളിയുടെ  അയ്യരുകളി.  വനംവകുപ്പും,  മറ്റ്   അധികാരികളും   ഇത്   കണ്ട   മട്ടില്ല.

 വിധിയെ    പഴിച്ച്    ബുദ്ധിമുട്ടി   8-   മണിയോടെ    ഞങ്ങൾ    ബോണക്കാട്    വനം വകുപ്പിന്റെ  പിക്കറ്റ്    സ്റ്റേഷനിൽ    എത്തി.

          
ബോണക്കാട്   ഫോറസ്റ്റ്    പിക്കറ്റ്    സ്റ്റേഷൻ     കവാടം

 
മറ്റൊരു   കാനനകാഴ്ച
                                                                                  
പുൽമേടുകളിലൂടെ.....
                                                                             

ചെറിയ  വെള്ളച്ചാട്ടം

                                                                             
അട്ടയാർ ക്യാമ്പ്
                                                                              


അതിരുമല ക്യാമ്പ്

                                                                          
മലയുടെ  മറ്റൊരു  കാഴ്ച


                                                                                     
















വാഹനം   പാർക്ക്   ചെയ്യാൻ   സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന്   പാസ്സിന്റെ   മറുവശത്ത്    അച്ചടിച്ചിരുന്നുവെങ്കിലും   പാർക്കിംഗ്    ഗ്രൗണ്ട്   ഒന്നും   അവിടെ   കണ്ടില്ല.    ഇടുങ്ങിയ   വഴിയുടെ    ഓരത്ത്     വണ്ടി     പാർക്ക്   ചെയ്ത്    ഞങ്ങൾ    ഓഫീസ്സിനകത്തേക്ക്   കയറി.
എട്ടരയോടെ   ഉദ്യോഗസ്ഥരുടെ   പരിശോധന   തുടങ്ങി.  കാറിന്    100-  രൂപയും,   ക്യാമറക്ക് 
50- രൂപ   വീതവും   ഈടാക്കി    ബാഗുകളൊക്കെ   പരിശോധിച്ച്     ഞങ്ങളെ    കാട്ടിനകത്തേക്ക് 
കടത്തി   വിട്ടു.   രാവിലത്തേയും    ഉച്ചനേരത്തേയും    ഭക്ഷണം     അവിടെ   പ്രവർത്തിച്ച്    വരുന്ന    ഭക്ഷണശാലയിൽ   നിന്നും   പാർസൽ   ലഭിക്കുമെന്ന്     അറിയിപ്പുണ്ടായെങ്കിലും  ഞങ്ങൾ   വാങ്ങിയില്ല.   പ്രഭാതഭക്ഷണത്തിന്   ഇഡലിയും   ഉച്ചക്ക്   പൊതിച്ചോറും  ഞങ്ങൾ   കരുതിയിരുന്നു.   ബോണക്കാട്ട്    വച്ച്      തന്നെ     ഇഡലി    അകത്താക്കി    ലഗ്ഗേജിന്റെ   ഭാരം 
ലഘൂകരിച്ചു.


ബോണക്കാട്   നിന്നും    അതിരുമല    ഇടത്താവളം   വരെ    14-   കിലോമീറ്റർ    ദൂരമുണ്ടെന്നും,    
യാത്ര     അതീവ    ദുഷ്കരമാണെന്നും    സുഹൃത്തുക്കൾ    മുന്നറിയിപ്പ്     നൽകിയിരുന്നു.  പിക്കറ്റ് 
സ്റ്റേഷനിൽ   നിന്നും    സംഘടിപ്പിച്ച    5-  അടിയോളം    നീളമുള്ള    മൂന്ന്   കമ്പുകളുമായി    ഞങ്ങൾ     മൂന്നംഗ   സംഘം   സാവധാനത്തിൽ   നടത്തയാരംഭിച്ചു.   ഏകദേശം    രണ്ട്     കിലോമീറ്ററോളം    നിരപ്പായ    പാതയാണ്.   
നിരപ്പായ   പാ
                                                  




അവിടം   പിന്നിട്ടപ്പോൾ    ഇടതൂർന്ന    ഘോരവനമായി.   കുറെ   ദൂരം   വന്മരങ്ങളോട്    കൂടിയ   കാട്.  ചെറിയ   കയറ്റങ്ങളും,   ഇറക്കങ്ങളും,    കൊച്ച്    കൊച്ച്    നീർച്ചോലകളുമായി   കാനനപാത
നീണ്ട്   കിടക്കുന്നു.   ഇടക്കിടെ    പുൽമേടുകളും    കാണാനായി.   കടപുഴകിയ   വന്മരങ്ങൾ   വഴിമുടക്കിക്കിടക്കുന്നു.   അവക്കിടയിലൂടെ   ഞങ്ങൾ   ഊർന്ന്    കയറി   മുന്നോട്ട്   നീങ്ങി.  
ജൈവവൈവിദ്ധ്യങ്ങൾ   നിറഞ്ഞ    വനമേഖലയിലൂടെ   കാനനഭംഗി   ആവോളം    ആസ്വദിച്ച്  
ഞങ്ങൾ    നടന്ന്     കൊണ്ടേയിരുന്നു.   ജീവിതത്തിൽ     ഇന്നേവരെ   കണ്ടിട്ടില്ലാത്ത    പേരറിയാൻ    കഴിയാത്ത    വിവിധ    തരം    മരങ്ങൾ,    പല   ജാതി    പക്ഷികൾ,      കാട്ടുകോഴികൾ,    തുടങ്ങിയവയുടെ    സാന്നിദ്ധ്യം    മനസ്സിനെ     ഉത്സാഹഭരിതമാക്കി.  ചീവീടിന്റെ
അലോസരപ്പെടുത്തുന്ന   ശബ്ദം   മുതൽ    ക്ലാർനറ്റ്,  ഓടക്കുഴൽ,   തുടങ്ങിയവയുടെ    നാദത്തെ
വെല്ലുന്ന    പാട്ട്    വരെ    കർണ്ണപുടങ്ങൾക്ക്    അമൃതായി.  പ്രകൃതിയെ    പ്രണയിക്കുന്ന  ആളുകൾക്ക്   ഈ  യാത്ര   ഒരു    ആഘോഷമാക്കാം. 












 ലാത്തിമൊട്ട,   ബോണാഫാൾസ്,   കരമനയാർ,    വാഴപൈതിയാർ,   തുടങ്ങിയ   വനം  വകുപ്പിന്റെ    ഇടത്താവളങ്ങൾ      ഒന്നൊന്നായി   ഞങ്ങൾ     പിന്നിട്ട്    കൊണ്ടേയിരുന്നു.
ചെറുതും    വലുതുമായ    വെള്ളച്ചാട്ടങ്ങളോടുകൂടിയ    നിരവധി    കാട്ടുചോലകൾ     ഞങ്ങൾക്ക്
ദാഹജലമേകി.     കാട്ടരുവികളിലെ   തെളിനീരിന്   എന്തെന്നില്ലാത്ത   രുചി.  ആന,   കരടി,  കടുവ,
കാട്ടുപോത്ത്,  മ്ലാവ്,  കേഴമാൻ   തുടങ്ങിയ   വന്യമൃഗങ്ങൾ   കാട്ടിൽ   സ്വൈരവിഹാരം   നടത്തുമെന്ന്    ഗൈഡ്    മുന്നറിയിപ്പ്     നൽകിയിരുന്നു.   എന്നാൽ   യാത്രക്കിടയിൽ    വന്യമൃഗങ്ങളെയൊന്നിനേയും     കാണാൻ    സാധിച്ചില്ല.    



 അട്ടയാറിലെത്തി     ചോറുപൊതിയഴിച്ച്    കുശാലായി    ഊണ്    കഴിച്ചു.   സമയം    പന്ത്രണ്ടര.
അരമണിക്കൂർ    വിശ്രമിച്ചിട്ട്    വീണ്ടും    യാത്രയാരംഭിച്ചു.   സൂര്യപ്രകാശം   അരിച്ചിറങ്ങുന്ന   കൊടും  കാടിന്   നടുവിലൂടെയും   ഞങ്ങൾ     കടന്ന്    പോയി.   ഇടതൂർന്ന     ഘോരവനത്തിനുള്ളിലൂടെ    നടക്കുമ്പോൾ   സുഖകരമായ      തണുപ്പ്      അനുഭവപ്പെടുന്നുണ്ടായിരുന്നു.    നടന്ന്    നടന്ന്    ഏഴുമടക്കം    തേരിയിലെത്തി.    കയറ്റം    കഠിനമായിരുന്നുവെങ്കിലും     ശരിക്കും    ആസ്വദിച്ചുള്ള    യാത്രയായിരുന്നു    അത്.   കുറെയധികം
ഹെയർപിൻ വളവുകളിലൂടെ   മുകളിലേക്ക്    കയറിയത്     അറിഞ്ഞതേയില്ല.   ശരീരം    ക്ഷീണിച്ചുവെങ്കിലും   മനസ്സിന്   എന്തെന്നില്ലാത്ത     പ്രസരിപ്പ്     അനുഭവപ്പെടുന്നുണ്ടായിരുന്നു.
മൂന്ന്   മണിയോടെ     ബേസ്   ക്യാമ്പായ     അതിരുമലയിലെത്തി.    അവിടവിടെ   പൊട്ടിയും  
പൊളിഞ്ഞും    കോൺക്രീറ്റിളകിയും       നിലം പൊത്താറായി    നിൽക്കുന്ന    വലുപ്പമുള്ള   ഒരു 
കോൺക്രീറ്റ്    കെട്ടിടവും,    കുറച്ചകലെയായി   പുല്ല്    മേഞ്ഞ    ഒരു     ഷെഡും    അവിടെ    കണ്ടു.
 ഷെഡ്       കാന്റീനും   വനം  വകുപ്പ്    ഓഫീസുമായി  പ്രവർത്തിക്കുന്നു.   ഡ്യൂട്ടിയിലുള്ള     വനം    വകുപ്പ്   ഉദ്യോഗസ്ഥനെ     കാര്യങ്ങൾ    ധരിപ്പിച്ച്    അഞ്ചുരൂപ    വീതം    വാടക   കൊടുത്ത്   മൂന്ന്    പായയും    സംഘടിപ്പിച്ച്     ഞങ്ങൾ    ഡോർമിറ്ററിയിലേക്ക്   ചേക്കേറി. 



ഇരുന്നൂറ്    പേരെ     ഉൾക്കൊള്ളാനാകുന്ന    നെടുനെങ്കൻ     കെട്ടിടം    അപകടാവസ്ഥയിലാണ്.  
ഞങ്ങൾ    മൂന്ന്     പേരും     കെട്ടിടത്തിന്റെ       ഒരരിക്    ചേർന്ന്    പായ    വിരിച്ച്    സ്ഥാനമുറപ്പിച്ചു.   വസ്ത്രം     മാറി    കുളിക്കാനായി   വെളിയിലിറങ്ങി.    സമയം     അഞ്ച്     മണിയായിട്ടുണ്ടാകും.  നല്ല    തണുപ്പ്      അനുഭവപ്പെടുന്നുണ്ടായിരുന്നു.   തണുപ്പ്     വകവയ്കാതെ
സമീപത്ത്     തന്നെയുള്ള     ഒരു      ചെറിയ    അരുവിയിൽ   പോയി    കുളിച്ചു     വന്നു.   ഏഴ്   മണിയോടെ    കഞ്ഞി     റെഡിയായിട്ടുണ്ടെന്നുള്ള      അറിയിപ്പ്      കിട്ടി.    ഉടനെ      തന്നെ     കാന്റീനിൽ     പോയി      വയറ്     നിറയെ    കഞ്ഞി     മോന്തി.    പയർ    തോരനും      പർപ്പടകവും  അകമ്പടിയായി.     അടുത്ത      ദിവസത്തേക്കുള്ള     പ്രഭാതഭക്ഷണവും      ഉച്ചയൂണും      ഏർപ്പാടാക്കി    തിരിയെ     ഡോർമിറ്ററിയിൽ     എത്തി.    രാത്രിയായതോടെ    കാലാവസ്ഥയിൽ     മാറ്റങ്ങൾ     വന്നു       തുടങ്ങി.     ഹുങ്കാരശബ്ദത്തോടെ     വേഗതയിൽ    ചീറിയടിക്കുന്ന      ശീതക്കാറ്റ്      ഒരു       പുത്തൻ       അനുഭവമായി.    ചാറ്റൽ      മഴ    പോലെ
മഞ്ഞ്        പെയ്യുവാൻ     തുടങ്ങി.       എട്ട്     മണിയോടെ      എല്ലാ     പേരും     ഡോർമിറ്ററിയിൽ
കയറി     കതകടച്ച്      ഉറങ്ങാൻ      കിടന്നു.  



പിറ്റേന്ന്     അതിരാവിലെ     തന്നെ   ഉണർന്ന്    പ്രഭാതകൃത്യങ്ങളെല്ലാം    നിർവ്വഹിച്ച്    യാത്രക്ക്   
തയ്യാറായി.   കൃത്യം     ഏഴ്    മണിക്ക്    തന്നെ    കയറ്റം    ആരംഭിക്കണമെന്ന്     ഞങ്ങൾ    
തീരുമാനിച്ചിരുന്നു.   കാന്റീനിൽ   നിന്നും    ഏഴരയോടെ     പ്രഭാതഭക്ഷണവും    പൊതിഞ്ഞ്    വാങ്ങി    ഏഴരയോടെ    ഞങ്ങൾ     അതിരുമലയിൽ   നിന്നും    കയറ്റമാരംഭിച്ചു.   നടന്ന്    നടന്ന്  
വൻ    വൃക്ഷങ്ങൾ    മാത്രമുള്ള    ഘോരവനങ്ങളും,     ഈറ്റക്കാടുകളും      പിന്നിട്ട്     ഒരു     ചെറിയ 
നീർച്ചാലിനരുകിൽ   ഞങ്ങളെത്തി.    അവിടെയിരുന്ന്    പ്രഭാതഭക്ഷണം   കഴിച്ച്   അരുവിയിലെ 
തെളിനീരിൽ   ദാഹമകറ്റി.    അരമണിക്കൂർ     വിശ്രമിച്ച    ശേഷം    യാത്രയാരംഭിച്ചു.  പോകെ 
പോകെ    കാട്ടാനകളുടെ   വിക്രിയകൾ     കാണാറായി.    കൊമ്പുകൾ    കൊണ്ട്     കുത്തിമറിച്ച
മൺകൂനകളും      ചവിട്ടിയരച്ച      ഈറ്റക്കാടുകളും,ആനപ്പിണ്ടങ്ങളും         ആനകളുടെ  സാന്നിദ്ധ്യം   അകലെയല്ലെന്ന    സൂചന   തന്നു.    ശബ്ദമുണ്ടാക്കാതെ   ഞങ്ങൾ     നടന്ന്    കൊണ്ടേയിരുന്നു.
കയറ്റങ്ങളും     ഇറക്കങ്ങളുമായി     കിലോമീറ്ററുകൾ      പിന്നിട്ട്    പൊങ്കാലപ്പാറയിലെത്തി.   അഗസ്ത്യർ    സ്വാമിക്ക്      നിവേദ്യത്തിനായി   ഭക്തർ    ഇവിടെയാണ്    പൊങ്കാലയിടുന്നത്.
വനം   വകുപ്പിന്റെ   നിരോധനമുണ്ടെങ്കിലും       പൊങ്കാലയിടൽ    പതിവ്     വഴിപാടാണ്.    
പൊങ്കാലപ്പാറ     തമിഴ്നാട്ടിലാണ്    സ്ഥിതിചെയ്യുന്നത്.     ഞ്ങ്ങളുടെ     പിന്നാലെ     വന്ന   
വെഞ്ഞാറമ്മൂടുകാരായ     ഒരു    സംഘം     ഭക്തർ    പൊങ്കാലയർപ്പിച്ച    ശേഷമാണ്    മല    കയറിയത്.  പൊങ്കാലപ്പാറ      പിന്നിട്ടപ്പോൾ   കയറ്റം    കൂടുതൽ     ദുഷ്കരമായി.
ഉരുളൻ   കല്ലുകളും     പരസ്പരം    പിണഞ്ഞ്     കി ടക്കുന്ന     മരങ്ങളുടെ      വേരുകളും    
കടന്ന്     വേണം      മുന്നോട്ട്      പോകുവാൻ.    വളർച്ച     മുരടിച്ച     ബോൺസായ്    പോലുള്ള
മരങ്ങൾ    വഴി   നീളെ    കാണാനുണ്ട്.   പ്രത്യേകതരം    കവുങ്ങും    വളരുന്നുണ്ട്.    ഉയരം    കൂടുന്തോറും     കയറ്റം    കൂടുതൽ       കഠിനമായി.   അള്ളിപ്പിടിച്ച്     കയറേണ്ട    പാറകൾ     നിരവധി.     ചെങ്കുത്തായ     ചില      പാറകളിൽ     ഇരുമ്പ്    കയർ     വലിയ    ആണിയടിച്ച്
അതിൽ   കെട്ടി      താഴേക്കിട്ടിട്ടുണ്ട്.    ഈ    കയറുകളിൽ     തൂങ്ങി    മുകളിലേക്ക്     കയറണം.
ഈ   കടമ്പകളെല്ലാം    കടന്ന്      ഏകദേശം    പന്ത്രണ്ട്     മണിയോടെ    ഞങ്ങൾ      അഗസ്ത്യകൂടത്തിന്റെ     നെറുകയിൽ     എത്തി.    1869- മീറ്റർ      ഉയരമുള്ള    ആനമുടി കഴിഞ്ഞാൽ     ഉയരം    കൊണ്ട്      രണ്ടാം    സ്ഥാനത്ത്    നിൽക്കുന്ന    ഈ    കൊടുമുടിയുടെ
ഉച്ചിയിലെത്തിയപ്പോൾ    സന്തോഷം    കൊണ്ട്     തുള്ളിച്ചാടാൻ     തോന്നി.     ശക്തിയോടെ
ചീറിയടിക്കുന്ന        തണുത്ത    കാറ്റിൽ     നിന്നും      രക്ഷപ്പെടാൻ     പാറപ്പുറത്ത്      ഇരിക്കേണ്ടി
വന്നു.     സൂര്യൻ     തലക്ക്      നേരെ    മുകളിലായിരുന്നുവെങ്കിലും     ചൂട്    തീരെയില്ലാത്ത     സായന്തനത്തിലെ      ഒരു       പ്രതീതിയാണ്     അനുഭവപ്പെട്ടത്.    കൂടെക്കൂടെ     മൂടൽമഞ്ഞ്
വന്ന്     മൂടുന്നുണ്ടായിരുന്നു.

അഗസ്ത്യകൂടം-ഒരു ദൂരക്കാഴ്ച
                                                                                         
ദുർഘടപാതയിലൂടെകയറ്റം
ശൈലത്തിന്റെ  മറ്റൊരു  ദൃശ്യം
                                                                                 
                                                                                 








 


അഗസ്ത്യർ  സ്വാമി
ശൈലത്തിന്റെ    ഒത്ത    നടുവിലായി    ഉയരം     കുറഞ്ഞ     മരക്കൂട്ടങ്ങൾക്കിടയിലായി    അഗസ്ത്യർസ്വാമിയുടെ    വിഗ്രഹം    പ്രതിഷ്ഠിച്ചിരിക്കുന്നു.    മല    കയറിവരുന്ന    തീർത്  ഥാടകസംഘങ്ങളെല്ലാം     പൂജാദ്രവ്യങ്ങളുമായിട്ടാ  ണ്     വന്നിട്ടുള്ളത്.    നിരവധിപേരുടെ    ഭക്തിനിർഭരമായ     പൂജകൾക്കെല്ലാം     ഞങ്ങൾ     സാക്ഷികളായി.    പൂജകളിലെല്ലാം   പങ്കെടുത്തതിന്      ശേഷം    ചുറ്റുമുള്ള     കാഴ്ചകൾ      കാണാനായി     ഞങ്ങൾ     കുറച്ചകലേക്ക്       മാറി.    താഴേക്ക്     നോക്കിയപ്പോൾ       മൂടൽ   മഞ്ഞിനിടയിലൂടെ   നിരവധി
കാഴ്ചകൾ    ഞങ്ങൾക്ക്     കാണാനായി.     പേപ്പാറ     ഡാം,      നെയ്യാർഡാം,    തിരുനെൽ    വേലി,    അംബാസമുദ്രം,     തുടങ്ങിയ      പ്രദേശങ്ങളൊക്കെ      കാണാനായി.    താമ്രപർ  ണ്ണി,  
നെയ്യാർ,      കരമനയാ ർ,      തുടങ്ങിയവയുടെ     പ്രഭവസ്ഥാനം     ഇവിടമാണ്.     ഇവയിൽ
താമ്രപർണ്ണി      മാത്രം     തമിഴ്നാടിലൂടെ     ഒഴുകുന്നു.   


സമുദ്രനിരപ്പിൽ     നിന്നും      6129--അടി    ഉയരമുള്ള      അഗസ്ത്യകൂടത്തിൽ     നിന്നും      താഴേക്ക്       നോക്കിയാൽ       കാണുന്ന      കാഴ്ച       അതിമനോഹരമാണ്.     ഒരു     പുരുഷായുസ്സിൽ       മാത്രം      നമുക്ക്      ലഭിക്കുന്ന      പുണ്യം.      അത്രമാത്രം     വിവരിക്കാനാവാത്ത     ഒരു       തരം      നിർവൃതിയാണ്      നമുക്ക്      ലഭിക്കുക.     വായിച്ചോ, 
കേട്ടോ     ഉണ്ടാവുന്നതിനേക്കാൾ     എത്രയോ      മടങ്ങ്       വലുതാണ്        നമുക്കനുഭവവേദ്യമാവുന്നത്.      മലമുകളിൽ     അനുഭവപ്പെടുന്ന      കാലാവസ്ഥാവ്യതിയാനം   കാരണം        സമയം      കൃത്യമായി     നിർണ്ണയിക്കാനാവില്ല.      എപ്പോഴും      മൂടിക്കെട്ടിയ    പ്രതീതി.  വാച്ച്     നോക്കിയപ്പോൾ      ഉച്ചക്ക്       ഒരു      മണിയായിരിക്കുന്നു.    ഞങ്ങൾ      തിരിച്ചിറങ്ങുവാൻ      തീരുമാനിച്ചു.     ഒരിക്കൽ      കൂടി     അഗസ്ത്യർ സ്വാമിയെ   പ്രണമിച്ച  ശേഷം    മടക്കയാത്രയാരംഭിച്ചു.     കയറ്റത്തേക്കാൾ     കഠിനമാണ്      ഇറക്കം.    കരുതലോടെ    
ഇരുന്നും      നിരങ്ങിയും      കുത്തനെയുള്ള       പാറകളൊക്കെയും     പിന്നിട്ടു.     സാവധാനത്തിലായി     ഞങ്ങളുടെ    മടക്കയാത്ര.     ചുറ്റുമുള്ള       കാടുകളും,     മൊട്ടക്കുന്നുകളും,  അവയുടെ      വന്യഭംഗിയും     ആസ്വദിച്ച്     ഞങ്ങൾ      നടന്ന്     കൊണ്ടേയിരുന്നു.  ഈറ്റക്കാടുകൾ,     പുൽമേടുകൾ,       തുടങ്ങിയവയൊക്ക       പിന്നിട്ട്    പൊങ്കാലപ്പാറയും   കടന്ന്
ഞങ്ങൾ     ഏകദേശം      അഞ്ചുമണിയോടെ      അതിരുമലയിലെത്തി.     നല്ല     വിശപ്പുണ്ടായിരുന്നതിനാൽ      കൈയും      കാലും      മുഖവും     കഴുകി     നേരെ      കാന്റീനിലെത്തി
ഊണ്       കഴിച്ചു.       അതിന്    ശേഷം     ഡോർമിറ്ററിയിലെത്തി     കുറച്ച്     സമയം      വിശ്രമിച്ചു.      ആറരയോടെ       അടുത്തുള്ള     അരുവിയിലെത്തി      മേൽ   കഴുകി     വന്ന്       ചൂട്  
കഞ്ഞിയും      കുടിച്ച്      ഉറങ്ങാൻ      കിടന്നു.     ക്ഷീണം      കൊണ്ട്        ബോധം     കെട്ട്     ഉറങ്ങിപ്പോയി.    രാവിലെ       അഞ്ചര      മണിക്ക്     തന്നെ       ഉണർന്ന്       പ്രഭാതകർമ്മങ്ങളെല്ലാം     നിർവ്വഹിച്ച്      മടക്കയാത്രക്ക്      തയ്യാറായി.     കാന്റീനിൽ     വന്ന്   
പരമ്പുകളെല്ലാം     തിരിയെ     ഏൽപ്പിച്ച്       പ്രഭാതഭക്ഷണം     പൊതിഞ്ഞ്    വാങ്ങി    ഞങ്ങൾ
അതിരുമല      വിട്ടു.      രാവിലെയായതിനാൽ       നടത്തം       ഉത്സാഹത്തോടെയായി.    വനത്തിലെ     വന്മരങ്ങൾ     നിരീക്ഷിച്ചും     പക്ഷിമൃഗാദികളുടെ       ശബ്ദകോലാഹലങ്ങൾ   
ശ്രദ്ധിച്ചും      ഞങ്ങൾ       കാടിറങ്ങി.     മുട്ടിടിച്ചാന്മലയും        ഏഴുമടക്കം തേരിയും    ഇറങ്ങി    ഏകദേശം      പത്ത്     മണിയോടെ     അട്ടയാറിലെത്തി.    മലമുകളിൽ    നിന്നും     താഴേക്ക്   
പതിക്കുന്ന    ചെറിയ    വെള്ളച്ചാട്ടത്തിന്റെ    ഭംഗിയാസ്വദിച്ച്      കൊണ്ട്     ഞങ്ങൾ      പ്രഭാതഭക്ഷണം      കഴിച്ചു.     അരമണിക്കൂർ     വിശ്രമിച്ച്     അരുവിയിൽ     കുളിയും      കഴിഞ്ഞ്
ഞങ്ങൾ     സാവധാനം     യാത്രയാരംഭിച്ചു.    


വൃക്ഷങ്ങളെക്കുറിച്ച്      കൂടുതൽ     അറിയാവുന്ന     ശ്രീ.  അരുളപ്പൻ     അവയെക്കുറിച്ച്      വിവരിച്ച്
തന്നു.  അപൂർവ്വമായ   സസ്യസമ്പത്തുള്ള     നെയ്യാർ-പേപ്പാറ    വന്യജീവിസങ്കേതത്തിലുൾപ്പെടുന്ന     ഈ    പ്രദേശത്ത്     വിവിധ    തരത്തിലുള്ള    ഇരുനൂറോളം
വൃക്ഷങ്ങൾ     ഉണ്ടെന്നാണ്      വനം   വകുപ്പ്     അവകാശപ്പെടുന്നത്.   നെയ്യാർ    വന്യജീവിസങ്കേതത്തിന്    128-  ച.കി.  മീറ്റർ    വിസ്തൃതിയും      പേപ്പാറ     വന്യജീവിസങ്കേതത്തിന്      5300-ഹെക്റ്റർ      വിസ്തീർണ്ണവും     ഉണ്ട്.    ആന,   മ്ലാവ്,  കാട്ടുപോത്ത്,  പുലി,  സിംഹവാലൻ  കുരങ്ങ്,   തുടങ്ങിയ     വന്യമൃഗങ്ങളുടെ     ആവാസസ്ഥാനമാണിവിടം.


സുഖകരമായ     കാലാവസ്ഥയായിരുന്നതിനാൽ    നടത്തം     ആയാസരഹിതമായി.    വേനലിന്റെ
കാഠിന്യം     അറിയാതെ    കാടിന്റെ   നിറസാന്നിദ്ധ്യം     ആസ്വദിച്ച്     കൊണ്ട്     ഞങ്ങൾ    നടന്ന്
കൊണ്ടേയിരുന്നു.    ഏകദേശം     ഒരു     മണിയോടെ     അവസാനക്യാമ്പായ    ലാത്തിമൊട്ടയും 
കടന്ന്     ഞങ്ങൾ     ബേസ്     ക്യാമ്പായ       ബോണക്കാട്      എത്തി.വനം   വകുപ്പ്     ഉദ്യോഗസ്ഥരുടെ    പരിശോധനയും    കഴിഞ്ഞ്    ഒന്നരയോടെ     അരുളപ്പന്റെ     കാറിൽ     മടക്കയാത്ര     ആരംഭിച്ചു.    രണ്ട്    മണിയോടെ      വിതുരയിലെത്തി    ഒരു     നാടൻ    ഹോട്ടലിൽ  
നിന്നും     ഊണും    കഴിച്ച്     4-   മണിയോടെ     വീടുകളിലെത്തി.
                                                                                  

Monday, July 27, 2009

ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം.........

൨൦൦൯-ജൂലായ് ൨൬.ചെറായിയിലെ ബൂലോകസംഗമസുദിനം.സന്തോഷകരവും, സൌഹൃദപൂര്‍ണ്ണവുമായ ഈ കൂട്ടായ്മ സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ നമ്മുടെ മനസ്സിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടില്ല.നമുക്ക് കൂടെ ക്കൂടെ തുറന്ന് നോക്കാന്‍ പറ്റുന്ന ഫയലായി അങ്ങനെ കിടക്കും.
തിരുവനന്തപുരത്ത് നിന്നും എറണാകുളം ജില്ലയിലെ ചെറായിയിലെത്തുക എന്നുള്ളത് തികച്ചും ശ്രമകരം തന്നെയാണ്.രാവിലെ ൬.൨൫-ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്ന ജനശതാബ്ദിയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതിനാല്‍ യാത്ര അത്ര ദുഷ്കരമായില്ല. ധൃതിയില്‍ രാവിലെ ൬.൧൫-ന് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്കിള്‍, കേരള ഫാര്‍മര്‍ ചന്ദ്രേട്ടന്‍, ശ്രീ@ശ്രേയസ് തുടങ്ങിയവര്‍ എന്നെയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാപേര്‍ക്കും ഒരേ കൂപ്പെയില്‍ തന്നെ സീറ്റുകള്‍ തരപ്പെട്ടു.കൃത്യസമയത്ത് തന്നെ യാത്ര പുറപ്പെട്ട് ൯.൪൫ -ന് തന്നെ എറണാകുളത്ത് എത്തി.
ഞങ്ങള്‍ എറണാകുളത്തെത്തി-അങ്കിളിനെയും,ശ്രീ@ശ്രേയസിനെയും കാണാം.
സമയലാഭത്തിനായി ട്രയിനില്‍ നിന്നും വാങ്ങിയ പ്രഭാതഭക്ഷണം കൊണ്ട് ഞങ്ങള്‍ പശിയകറ്റി.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ “ജോയെ” വിളിച്ച് ചെറായിയില്‍ എത്തേണ്ട റൂട്ടും, വാഹനസൌകര്യങ്ങളുടെ ലഭ്യതയും മനസിലാക്കിയിരുന്നു.എറണാകുളത്ത് നിന്നും രണ്ട് ആട്ടോകളിലായി (ബ്ലോഗര്‍ വേദവ്യാസന്‍ വര്‍ക്കലയില്‍ നിന്നും കയറിയ വിവരം പറയാന്‍ വിട്ടുപോയി,ക്ഷമിക്കണം)ഞങ്ങള്‍ ഹൈക്കോടതി കവലയിലെത്തി. താമസം വിന ചെറായിയിലേക്കുള്ള ബസ്സും കിട്ടി.൧൦-മണിക്ക് ഞങ്ങള്‍ ചെറായി ലക്ഷ്യമാക്കി യാത്രയായി. ൧൧-മണിയോടെ ദേവസ്വം കവലയില്‍ ഇറങ്ങി വീണ്ടും രണ്ട് ആട്ടോയില്‍ ചെറായി ബീച്ച് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. പ്രകൃതി ആവോളം കനിഞ്ഞ് നല്‍കിയ സൌന്ദര്യം ചെറായിയെ വേറിട്ടതാക്കുന്നു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന കായലിന്റെ മദ്ധ്യത്തിലൂടെ കായല്‍ പരപ്പിലുടെ അടിക്കുന്ന കുളിര്‍ കാറ്റുമേറ്റ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കകം ഞങ്ങള്‍ ചെറായിബീച്ചിലെത്തി.
സംഗമവേദിയിലേക്ക് സ്വാഗതം- ബാനര്‍ കാണാം
ആട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ വേദിയില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ബൂലോകരുടെ പരിചയപ്പെടുത്തലുകള്‍ കേള്‍ക്കാമായിരുന്നു.ഇറങ്ങിയ പാടെ നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലെത്തി നടപടിക്ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.എഴുത്തുകാരിയുടെ നേതൃത്വത്തില്‍ വനിതാബ്ലോഗര്‍മാരാണ് സ്തുത്യര്‍ഹമായ ഈ ജോലി സസന്തോഷം ഏറ്റെടുത്തത്.എഴുത്തുകാരിയെക്കൂടാതെ ബിന്ദു, കിച്ചു,പിരിക്കുട്ടി തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. നന്ദി സഹോദരികളെ,നന്ദി.കണ്ട പാടെ സ്വയം പരിചയപ്പെടുത്തിയ എഴുത്തുകാരിയുടെ സമീപനം ശ്ലാഘനീയം.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഹാളിനകത്തേക്ക് കടന്നു.കലശലായ ദാഹമുണ്ടായിരുന്നതിനാല്‍ നേരെ ചായ വിതരണം ചെയ്യുന്നിടത്തേക്ക് പോയി.ചായയ്ക് ബിസ്ക്കറ്റ് കൂടാതെ ലതികയുടെ വക ചക്കയപ്പവും, വരിക്കച്ചക്കപ്പഴവും ഉണ്ടായിരുന്നു(ലതികയും അമ്മയും ചേര്‍ന്ന് തയാറാക്കിയ ഈ നാടന്‍ വിഭവങ്ങള്‍ക്കുള്ള ക്രെഡിറ്റ് അമ്മയ്ക്കും കൂടിയുള്ളതാണ്.അമ്മയ്ക് എന്റെ വക പ്രണാമം. അമ്മയുടെ നല്ല മനസിന് നന്ദി) എല്ലാം കൊണ്ടും തുടക്കം തന്നെ ഗംഭീരമായി.

ചായയും രണ്ട് മൂന്ന് ചക്കയപ്പവും വരിക്കച്ചക്കപ്പഴവും കഴിച്ച് കഴിഞ്ഞപ്പോള്‍ വയര്‍ ഫുള്‍.നേരെ ഓല മേഞ്ഞ ഹാളിനകത്തേക്ക് കടന്നപ്പോള്‍ ക്യാമറയും തൂക്കി ഹരീഷ് തൊടുപുഴ അരികിലെത്തി പരിചയപ്പെട്ടു.ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഞാനും എന്നെ പരിചയപ്പെടുത്തി.പന്ത്രണ്ട് മണിയോടെ എല്ലാ ബ്ലോഗര്‍മാരും എത്തി. എഴുപത്തെട്ടോളം ബ്ലോഗര്‍മാരും, അവരുടെ കുടുംബാംഗങ്ങളുമൊക്കെയായി ൧൧൮-പേര്‍ ഹാളിലുണ്ടായിരുന്നു.

ഒരു സമ്മേളനത്തിന്റെ ചിട്ടവട്ടങ്ങളോ, മുന്‍ കൂട്ടി തയ്യാറാക്കിയ പരിപാടികളോ ഇല്ലാതെ തികച്ചും അനൌപചാരികമായി നടന്ന ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷ് തൊടുപുഴ,മണികണ്ഠന്‍,അനില്‍@ബ്ലോഗ്,നാട്ടുകാരന്‍,ജോ,ലതികയുടെ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സുഭാഷ്,നിരക്ഷരന്‍(മനോജ് രവീന്ദ്രന്‍),ലതിക എന്നിവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല.നന്ദി... നന്ദി...സുഹൃത്തുക്കളെ.കുടുംബത്തില്‍ നടക്കുന്ന ഒരു സുപ്രധാനചടങ്ങ് വിജയിപ്പിക്കുവാന്‍ പാട് പെടുന്ന ഇരുത്തം വന്ന ഒരു വീട്ടമ്മയെ പോലെ എല്ലായിടത്തും ഓടി നടന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച ലതികക്ക് വീണ്ടും നന്ദിയുടെ നറുമലരുകള്‍. അവരുടേയും, ഭര്‍ത്താവ് സുഭാഷിന്റേയും സംഘടനാപാടവം ഇവിടേയും തിളങ്ങിനിന്നു.

പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ കാര്‍ട്ടൂണിസ്റ്റ് സജീവായി സ്ഥലത്തെ പ്രധാന ആകര്‍ഷണകേന്ദ്രം.കാരിക്കേച്ചര്‍ വരപ്പില്‍ അഗ്രഗണ്യനായ അദ്ദേഹം ഏതാനും മണിക്കൂറുകള്‍ കൊണ്ട് മുഴുവന്‍ ബൂലോകരുടേയും കാരിക്കേച്ചര്‍ തയ്യാറാക്കി ഞങ്ങളെ അത്ഭുതപ്പെടുത്തി.ഈ പരിപാടിക്കിടയിലും ബൂലോകര്‍ പരസ്പരം പരിചയപ്പെടലും, സൌഹൃദം പങ്കിടലും തുടര്‍ന്ന് കൊണ്ടേയിരുന്നു.മുരളി(ബിലാത്തിപ്പട്ടണം) എന്ന ബ്ലോഗറുടെ മാജിക്ക് ബൂലോകര്‍ക്ക് അത്ഭുതമായി.

ഇതിനിടയില്‍ ലതികയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി “വിഭവസമൃദ്ധമായ ഉച്ചഭക്ഷണം റസ്റ്റോറന്റില്‍ തയാറായിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ആദ്യം പോകണം.പ്രായമായവര്‍ക്കും,പ്രമേഹരോഗികള്‍ക്കും മുന്‍ ഗണന.”അപ്പോഴാണ് ഒരു ചാണ്‍ വയറിനെ പറ്റി ഓര്‍ത്തത്.ഞാനും കേരള ഫാര്‍മര്‍ ചന്ദ്രേട്ടനും റസ്റ്റോറന്റിലേക്ക് നടന്നു.അവിടെ ചെന്നപ്പോള്‍ അങ്കിളും, ധര്‍മ്മദാരങ്ങളും കുശാലായി പശിയകറ്റുന്നു.എന്തെല്ലാം വിഭവങ്ങള്‍.കൂട്ടിന് കൊതിയൂറും വിവിധ തരം കറികള്‍.മരിച്ചീനി(കപ്പ)പുഴുങ്ങിയത്, കരിമീന്‍ വറുത്തത്,നെയ് മീന്‍ കറി,ഇറച്ചിക്കറി,നിരക്ഷരന്റെ വീട്ടില്‍ നിന്നും തയാറാക്കി കൊണ്ട് വന്ന ചെമ്മീന്‍ വട( നന്ദി!) ലതിക തയ്യാറാക്കിയ മാങ്ങയച്ചാര്‍(നന്ദി!) സാമ്പാര്‍,പുളിശ്ശേരി,പര്‍പ്പടകം, എന്ന് വേണ്ട വായില്‍ കപ്പലോടിക്കാന്‍ പാകത്തിന് വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.ഇഷ്ടം പോലെ വിളമ്പി കഴിക്കാം(സായിപ്പിന്റെ ബുഫെ).ഇതെല്ലാം കണ്ട മാത്രയില്‍ വിശപ്പ് പമ്പ കടന്നു(കണ്ട് നിറഞ്ഞു).ഊണ് കഴിഞ്ഞ് ഫ്രൂട്ട് സാലഡ്.(ഒരു ഞാലിപ്പൂവന്‍ പഴംകൂടി കരുതാമായിരുന്നു).പോട്ടെ സാരമില്ല.സംഘാടകരുടെ തൊപ്പിയില്‍ അങ്ങനെ ഒരു പൊന്‍ തൂവല്‍ കൂടി.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള സെഷന്‍ സമയക്കുറവ് മൂലം വെട്ടിച്ചുരുക്കേണ്ടിവന്നു.വാഴക്കോടന്റെ മിമിക്രി,
മനുവിന്റെ ചൊല്‍ക്കാഴ്ച,മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ നാടന്‍പാട്ട്,ഒരു ബാലികയുടെ ഗാനം,ലതികയുടെ കവിതാപാരായണം, തുടങ്ങിയവ സംഗമത്തിന് മിഴിവേകി. ഈണം പ്രവര്‍ത്തകരുടെ സംഭാവനയായ സി.ഡി.പ്രകാശനവും,ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകപരിചയവും ചടങ്ങിന് മാറ്റ് കൂട്ടി.

മുന്‍ കൂട്ടി തയാറാക്കാതെ നിമിഷനേരം കൊണ്ട് വിവിധ തരം പരിപാടികള്‍ അനൌണ്‍സ് ചെയ്ത് കൊണ്ട് ഹാളിലങ്ങോളമിങ്ങോളം ഓടിനടന്ന ലതിക ഈ കൂട്ടായ്മയിലെ തിളങ്ങുന്ന താരമായി.സമയം ൩.൩൦. പരിപാടി വൈന്റപ്പ് ചെയ്യാന്‍ സമയമായി.ബൂലോകരില്‍ ചിലര്‍ നന്ദി പ്രകാശിപ്പിച്ചു.അതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു കൂട്ടായ്മക്ക് തിരശ്ശീല വീണു.

രാവിലെ ഞങ്ങളുടെയൊപ്പം വന്ന അങ്കിളും ഭാര്യയും അമരാവതി റിസോര്‍ട്ടില്‍ തങ്ങി. അങ്കിളിനെ കൂടാതെ ഞങ്ങള്‍ മടക്കയാത്രയാരംഭിച്ചു.അനില്‍@ബ്ലോഗിന്റെ വണ്ടിയില്‍ ചെറായി ദേവസ്വം കവലയിലെത്തി അവിടെ നിന്നും ബസില്‍ എറണാകുളത്തേക്ക്. ൫.൨൫-ന്റെ ജനശതാബ്ദിയില്‍ കയറിക്കൂടി ൯-മണിക്ക് തിരുവനന്തപുരത്തെത്തി.അങ്ങനെ അതിരുകളില്ലാത്ത സൌഹൃദം അര്‍ത്ഥവത്തായി.

രജിസ്ട്രേഷന്‍ കൌണ്ടര്‍

പരിചയപ്പെടുത്തല്‍ പുരോഗമിക്കുന്നു
സജ്ജീവിന്റെ കാരിക്കേച്ചര്‍ സെഷന്‍
ശാപ്പാട് കുശാല്‍
കുറിപ്പ്:ചെറായി ബൂലോകസംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

Thursday, July 2, 2009

ആന നിരത്തി

"പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തിനകത്തെ ഒരു പ്രകൃതി സുന്ദരമായ വനപ്രദേശമാണ്ആന നിരത്തി”. പേര് ദ്യോതിപ്പിക്കുന്നത് പോലെ കാട്ടാനകളുടെ സ്വൈരവിഹാരരംഗമാണ് സ്ഥലം. രാത്രിയിലാണെന്ന് മാത്രം.തിരുവനന്തപുരം ജില്ലയില്‍ ആറുകാണി എന്ന മലയോരഗ്രാമത്തില്‍ നിന്നും ഏകദേശം നാല് കി.മീ. അകലെയായി റിസര്‍വ്വ് വനത്തിനകത്താണ് പ്രകൃതിസുന്ദരമായ സ്ഥലം.തമിഴ് നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലുള്ള സ്ഥലം ഒരു കുന്നിന്‍ മുകളിലാണ്.കേരളവനം വകുപ്പിന്റേയും തമിഴ് നാട് വനം വകുപ്പിന്റേയും സുരക്ഷാജീവനക്കാര്‍ ഇവിടെ സദാസമയവും കര്‍മ്മ നിരതരാണ്.രണ്ട് വകുപ്പുകളും ജീവനക്കാര്‍ക്കായി വെവ്വേറെ കെട്ടിടങ്ങളും,കാവല്‍ ഗോപുരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
എന്റെ ഒരു പരിചയക്കാരനായ വിജയന്‍ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ആന നിരത്തിയിലാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് അവിടം സന്ദര്‍ശിക്കുവാനുള്ള പ്രേരണയായി.ഇത്തരം സാഹസിക യാത്ര ഇഷ്ടപ്പെടുന്ന അന്‍പത് വയസ്സിന് മേല്‍ ഒരു സുഹൃത് സംഘം എനിക്കുണ്ട്.ഞങ്ങള്‍ ഇടക്കിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഞങ്ങള്‍ ആന നിരത്തിയിലേക്കുള്ള സാഹസികയാത്രക്കായി തിരഞ്ഞെടുത്തു.രാവിലെ എട്ട് മണിക്ക് സുഹൃത്ത് അരുളപ്പന്റെ മാരുതി കാറില്‍ ഞങ്ങള്‍ അഞ്ച് പേരുമായി യാത്ര തിരിച്ചു.ദേശീയ പാത ൪൭-ലെ അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആറ് കാണി ജംഗ്ഷനിലെത്തി.മുന്‍ നിശ്ചയപ്രകാരം അവിടെ വച്ച് വിജയനെയും കൂട്ടി. അവിടെ ഒരു കടയില്‍ നിന്നും ലഘുഭക്ഷണത്തിനുള്ള വക സംഘടിപ്പിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുപ്പിവെള്ളം വാങ്ങുന്നതില്‍ നിന്നും വിജയന്‍ ഞങ്ങളെ തടഞ്ഞു. കുപ്പി വെള്ളത്തേക്കാള്‍ ശുദ്ധമായ വെള്ളം കാട്ടുചോലയില്‍ നിന്നും ലഭിക്കുമെന്ന് വിജയന്‍ ഉവാച.
ആഹാരസാധനങ്ങളൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ അവിടെ നിന്നും യാത്രയായി.ഉദ്ദേശം ഒന്നര കി.മീ. സഞ്ചരിച്ച് ആന നിരത്തിയുടെ അടിവാരത്തില്‍ ഞങ്ങളെത്തി.ആന നിരത്തി ഒരു കുന്നിന്‍ മുകളിലാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ.ഞങ്ങളുടെ കാര്‍ ഒരു ആദിവാസി കുടിലിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ആന നിരത്തിയിലേക്ക് യാത്രയാരംഭിച്ചു.ഒരു റബ്ബര്‍ തോട്ടം കടന്ന് വേണം കാട്ടിനകത്തേക്ക് കടക്കുവാന്‍.
>ഞങ്ങള്‍ കയറ്റം ആരംഭിച്ചു

ശബ്ദമുണ്ടാക്കാതെ വളരെ സാവകാശം സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ആനയുടെ ശല്യമുണ്ടായാല്‍ മനസാന്നിദ്ധ്യം കൈവിടാതെ കയറ്റത്തിലേക്ക് ഓടിക്കയറണമെന്നും വിജയന്‍ നിര്‍ദ്ദേശിച്ചു.വിജയന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പതിയെ നടത്തം തുടങ്ങി.ആനക്കൂട്ടങ്ങള്‍ ചവിട്ടിയരച്ച മുളങ്കാടുകളും ഈറ്റക്കാടുകളും കാട്ടുവഴിയിലുടനീളം കാണാറായി.ചീവീടുകള്‍ തൊട്ട് വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും പ്രകൃതി കനിഞ്ഞരുളിയ കാനനഭംഗിയും മനം കുളിര്‍ക്കെ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്കിടെ മലമടക്കുകളിലെ തെളിനീര്‍ ഞങ്ങള്‍ ആവോളം കുടിച്ച് ദാഹമടക്കി.


ഇനി ഞങ്ങള്‍ ദാഹം തീര്‍ക്കട്ടെ
കാനനഭംഗിയുടെ ആസ്വാദ്യത ആവോളം

വരയാടുകളുടെ സാമീപ്യം അറിയിക്കുന്ന തമിഴ് നാടിന്റെ ബോര്‍ഡ്

കയറ്റം അതികഠിനം


കാനന ഭംഗി വീണ്ടും

മറ്റൊരു ദൃശ്യം


ഭൂമിയിലൊരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്

കാവല്‍ഗോപുരത്തില്‍ നിന്നുമുള്ള കാഴ്ച


മറ്റൊരു കാഴ്ച


കാവല്‍ ഗോപുരത്തിന് മുന്നില്‍ എന്റെ സുഹൃത്തുക്കള്‍

മറ്റൊരു ദൃശ്യം

ഇനിയല്പം പശിയകറ്റട്ടെ


ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവിട്ടതിന് ശേഷം ആനകളെ കാണാത്ത വിഷമത്തോടെ കാടിറങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി. എന്ത് തന്നെയായാലും മനം കുളിര്‍പ്പിച്ച ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയുകയില്ല.