അഗസ്ത്യകൂടത്തിലേക്കുള്ള യാത്ര കുട്ടിക്കാലം മുതലുള്ള ആഗ്രഹമായിരുന്നു. എന്നാൽ വിദ്യാഭ്യാസം, ജോലി തുടങ്ങിയ തിരക്കുകൾ കാരണം ആഗ്രഹം മാറ്റിവയ്ക്കേണ്ടിവന്നു. ജോലിയിൽ നിന്നും റിട്ടയർ ചെയ്തതിന് ശേഷം ആഗ്രഹത്തിന് ജീവൻ വച്ചു. അതിലേക്കായി സമപ്രായക്കാരായ രണ്ട് സുഹൃത്തുക്കളെ കൂടെ കൂട്ടി. വർഷത്തിൽ ഒരിക്കൽ ജനുവരി മദ്ധ്യത്തോടുക്കൂടി ആ രംഭിച്ച് ശിവരാത്രി വരെ നീളുന്ന അഗസ്ത്യകൂടയാത്രക്ക് വനം വകുപ്പിന്റെ അനുമതി വേണം. തിരുവനന്തപുരത്ത് പി.റ്റി.പി. നഗറിലുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ്സിൽ നിന്നുമാണ് യാത്രക്കുള്ള പാസ്സുകൾ വിതരണം ചെയ്യുന്നത്. ഈ വർഷം ജനുവരി 11-മുതൽ പാസ്സുകൾ വിതരണം ചെയ്യുമെന്ന് അറിഞ്ഞതിനെ തുടർന്ന് ഞാനും സുഹൃത്തായ അരുളപ്പനും കൂടി പി.റ്റി.പി. നഗറിലുള്ള വൈൽഡ് ലൈഫ് വാർഡന്റെ ഓഫീസ്സിൽ രാവിലെ 8- മണിക്ക് തന്നെ എത്തി. പൂരപ്പറമ്പിലെ ആൾക്കൂട്ടത്തെ വെ ല്ലുന്ന ജനപ്രളയം അതിരാവിലെ തന്നെ അവിടെ തമ്പടിച്ചിരിക്കുന്ന കാഴ്ചയാണ് കാണാൻ കഴിഞ്ഞത്. യാത്രയുടെ കാര്യം സ്വാഹ: ആകുമോ എന്ന ആശങ്ക മനസ്സിൽ കൂട് കെട്ടി. എല്ലാം മാറ്റിവച്ച് ഞങ്ങളും ആ ആൾക്കൂട്ടത്തിനിടയിലൂടെ ക്യൂവിൽ സ്ഥാനം പിടിച്ചു. ടോക്കൺ എടുപ്പ് മുതൽ ഒരാൾക്ക് 350- രൂപ വീതം അടച്ച് അപേക്ഷാഫാറം വാങ്ങുന്നത് വരെയുള്ള ജോലി അതികഠിനം തന്നെ. അപേക്ഷേയോടൊപ്പം ഫോട്ടോ പതിച്ച ഐഡന്റിറ്റി കാർഡിന്റെ രണ്ട് ഫോട്ടോസ്റ്റാറ്റ് കോപ്പിയും നൽകണമെന്ന് അപ്പോഴാണ് അറിയുന്നത്. ഐ. ഡി. കാർഡ് എടുത്തിട്ടില്ലാത്തതിനാൽ അതെടുക്കാൻ വീണ്ടും വീട്ടിലേക്ക് പോവേണ്ടി വന്നു. എന്തായാലും വൈകുന്നേരത്തോടെ മൂന്ന് പേർക്കുമുള്ള പാസ്സുകൾ സംഘടിപ്പിച്ചു.
ജനുവരി 29- നാണ് യാത്രക്കായി ബോണക്കാട് ഫോറസ്റ്റ് സ്റ്റേഷനിൽ റിപ്പോർട്ട് ചെയ്യേണ്ടത്. നടാടെയാണ് എന്റെ യാത്രയെങ്കിലും മറ്റ് സുഹൃത്തുക്കൾ നിരവധി തവണ
അഗസ്ത്യകൂടം സന്ദർശിച്ചിട്ടുള്ളവരാണ്. ഒരാഴ്ച മുൻപ് തന്നെ ഒരുക്കങ്ങൾ തുടങ്ങി.
മുടങ്ങിക്കിടന്ന ചില യോഗാസനമുറകൾ പ്രാക്റ്റീസ് ചെയ്ത് തുടങ്ങി. അങ്ങനെ ആ
ദിവസവും വന്നെത്തി. വെളുപ്പാൻ കാലത്ത് 4- മണിക്ക് ശ്രീ അരുളപ്പന്റെ കാറിൽ
കാട്ടാക്കട-ആര്യനാട്- വിതുര വഴി യാത്ര ചെയ്ത് 7- മണിക്ക് വിതുരയിലെത്തി. അവിടെ നിന്നും ബോണക്കാട്ടേക്കുള്ള യാത്ര അതികഠിനമായിരുന്നു. തേയില എസ്റ്റേറ്റ് വഴിയുള്ള
റോഡ് കുണ്ടും കുഴിയും നിറഞ്ഞ് ഗതാഗതയോഗ്യമല്ലാതായിത്തീർന്നിട്ട് കാലങ്ങളേറെയായിരിക്കുന്നു. തലേന്ന് പെയ്ത് മഴയിൽ ചെളിയുടെ അയ്യരുകളി. വനംവകുപ്പും, മറ്റ് അധികാരികളും ഇത് കണ്ട മട്ടില്ല.
വിധിയെ പഴിച്ച് ബുദ്ധിമുട്ടി 8- മണിയോടെ ഞങ്ങൾ ബോണക്കാട് വനം വകുപ്പിന്റെ പിക്കറ്റ് സ്റ്റേഷനിൽ എത്തി.
ബോണക്കാട് ഫോറസ്റ്റ് പിക്കറ്റ് സ്റ്റേഷൻ കവാടം |
മറ്റൊരു കാനനകാഴ്ച |
പുൽമേടുകളിലൂടെ..... |
ചെറിയ വെള്ളച്ചാട്ടം |
അതിരുമല ക്യാമ്പ് |
വാഹനം പാർക്ക് ചെയ്യാൻ സൗകര്യമേർപ്പെടുത്തിയിട്ടുണ്ടെന്ന് പാസ്സിന്റെ മറുവശത്ത് അച്ചടിച്ചിരുന്നുവെങ്കിലും പാർക്കിംഗ് ഗ്രൗണ്ട് ഒന്നും അവിടെ കണ്ടില്ല. ഇടുങ്ങിയ വഴിയുടെ ഓരത്ത് വണ്ടി പാർക്ക് ചെയ്ത് ഞങ്ങൾ ഓഫീസ്സിനകത്തേക്ക് കയറി.
എട്ടരയോടെ ഉദ്യോഗസ്ഥരുടെ പരിശോധന തുടങ്ങി. കാറിന് 100- രൂപയും, ക്യാമറക്ക്
50- രൂപ വീതവും ഈടാക്കി ബാഗുകളൊക്കെ പരിശോധിച്ച് ഞങ്ങളെ കാട്ടിനകത്തേക്ക്
കടത്തി വിട്ടു. രാവിലത്തേയും ഉച്ചനേരത്തേയും ഭക്ഷണം അവിടെ പ്രവർത്തിച്ച് വരുന്ന ഭക്ഷണശാലയിൽ നിന്നും പാർസൽ ലഭിക്കുമെന്ന് അറിയിപ്പുണ്ടായെങ്കിലും ഞങ്ങൾ വാങ്ങിയില്ല. പ്രഭാതഭക്ഷണത്തിന് ഇഡലിയും ഉച്ചക്ക് പൊതിച്ചോറും ഞങ്ങൾ കരുതിയിരുന്നു. ബോണക്കാട്ട് വച്ച് തന്നെ ഇഡലി അകത്താക്കി ലഗ്ഗേജിന്റെ ഭാരം
ലഘൂകരിച്ചു.
ബോണക്കാട് നിന്നും അതിരുമല ഇടത്താവളം വരെ 14- കിലോമീറ്റർ ദൂരമുണ്ടെന്നും,
യാത്ര അതീവ ദുഷ്കരമാണെന്നും സുഹൃത്തുക്കൾ മുന്നറിയിപ്പ് നൽകിയിരുന്നു. പിക്കറ്റ്
സ്റ്റേഷനിൽ നിന്നും സംഘടിപ്പിച്ച 5- അടിയോളം നീളമുള്ള മൂന്ന് കമ്പുകളുമായി ഞങ്ങൾ മൂന്നംഗ സംഘം സാവധാനത്തിൽ നടത്തയാരംഭിച്ചു. ഏകദേശം രണ്ട് കിലോമീറ്ററോളം നിരപ്പായ പാതയാണ്.
നിരപ്പായ പാത |
അവിടം പിന്നിട്ടപ്പോൾ ഇടതൂർന്ന ഘോരവനമായി. കുറെ ദൂരം വന്മരങ്ങളോട് കൂടിയ കാട്. ചെറിയ കയറ്റങ്ങളും, ഇറക്കങ്ങളും, കൊച്ച് കൊച്ച് നീർച്ചോലകളുമായി കാനനപാത
നീണ്ട് കിടക്കുന്നു. ഇടക്കിടെ പുൽമേടുകളും കാണാനായി. കടപുഴകിയ വന്മരങ്ങൾ വഴിമുടക്കിക്കിടക്കുന്നു. അവക്കിടയിലൂടെ ഞങ്ങൾ ഊർന്ന് കയറി മുന്നോട്ട് നീങ്ങി.
ജൈവവൈവിദ്ധ്യങ്ങൾ നിറഞ്ഞ വനമേഖലയിലൂടെ കാനനഭംഗി ആവോളം ആസ്വദിച്ച്
ഞങ്ങൾ നടന്ന് കൊണ്ടേയിരുന്നു. ജീവിതത്തിൽ ഇന്നേവരെ കണ്ടിട്ടില്ലാത്ത പേരറിയാൻ കഴിയാത്ത വിവിധ തരം മരങ്ങൾ, പല ജാതി പക്ഷികൾ, കാട്ടുകോഴികൾ, തുടങ്ങിയവയുടെ സാന്നിദ്ധ്യം മനസ്സിനെ ഉത്സാഹഭരിതമാക്കി. ചീവീടിന്റെ
അലോസരപ്പെടുത്തുന്ന ശബ്ദം മുതൽ ക്ലാർനറ്റ്, ഓടക്കുഴൽ, തുടങ്ങിയവയുടെ നാദത്തെ
വെല്ലുന്ന പാട്ട് വരെ കർണ്ണപുടങ്ങൾക്ക് അമൃതായി. പ്രകൃതിയെ പ്രണയിക്കുന്ന ആളുകൾക്ക് ഈ യാത്ര ഒരു ആഘോഷമാക്കാം.
ലാത്തിമൊട്ട, ബോണാഫാൾസ്, കരമനയാർ, വാഴപൈതിയാർ, തുടങ്ങിയ വനം വകുപ്പിന്റെ ഇടത്താവളങ്ങൾ ഒന്നൊന്നായി ഞങ്ങൾ പിന്നിട്ട് കൊണ്ടേയിരുന്നു.
ചെറുതും വലുതുമായ വെള്ളച്ചാട്ടങ്ങളോടുകൂടിയ നിരവധി കാട്ടുചോലകൾ ഞങ്ങൾക്ക്
ദാഹജലമേകി. കാട്ടരുവികളിലെ തെളിനീരിന് എന്തെന്നില്ലാത്ത രുചി. ആന, കരടി, കടുവ,
കാട്ടുപോത്ത്, മ്ലാവ്, കേഴമാൻ തുടങ്ങിയ വന്യമൃഗങ്ങൾ കാട്ടിൽ സ്വൈരവിഹാരം നടത്തുമെന്ന് ഗൈഡ് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ യാത്രക്കിടയിൽ വന്യമൃഗങ്ങളെയൊന്നിനേയും കാണാൻ സാധിച്ചില്ല.
അട്ടയാറിലെത്തി ചോറുപൊതിയഴിച്ച് കുശാലായി ഊണ് കഴിച്ചു. സമയം പന്ത്രണ്ടര.
അരമണിക്കൂർ വിശ്രമിച്ചിട്ട് വീണ്ടും യാത്രയാരംഭിച്ചു. സൂര്യപ്രകാശം അരിച്ചിറങ്ങുന്ന കൊടും കാടിന് നടുവിലൂടെയും ഞങ്ങൾ കടന്ന് പോയി. ഇടതൂർന്ന ഘോരവനത്തിനുള്ളിലൂടെ നടക്കുമ്പോൾ സുഖകരമായ തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. നടന്ന് നടന്ന് ഏഴുമടക്കം തേരിയിലെത്തി. കയറ്റം കഠിനമായിരുന്നുവെങ്കിലും ശരിക്കും ആസ്വദിച്ചുള്ള യാത്രയായിരുന്നു അത്. കുറെയധികം
ഹെയർപിൻ വളവുകളിലൂടെ മുകളിലേക്ക് കയറിയത് അറിഞ്ഞതേയില്ല. ശരീരം ക്ഷീണിച്ചുവെങ്കിലും മനസ്സിന് എന്തെന്നില്ലാത്ത പ്രസരിപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു.
മൂന്ന് മണിയോടെ ബേസ് ക്യാമ്പായ അതിരുമലയിലെത്തി. അവിടവിടെ പൊട്ടിയും
പൊളിഞ്ഞും കോൺക്രീറ്റിളകിയും നിലം പൊത്താറായി നിൽക്കുന്ന വലുപ്പമുള്ള ഒരു
കോൺക്രീറ്റ് കെട്ടിടവും, കുറച്ചകലെയായി പുല്ല് മേഞ്ഞ ഒരു ഷെഡും അവിടെ കണ്ടു.
ഷെഡ് കാന്റീനും വനം വകുപ്പ് ഓഫീസുമായി പ്രവർത്തിക്കുന്നു. ഡ്യൂട്ടിയിലുള്ള വനം വകുപ്പ് ഉദ്യോഗസ്ഥനെ കാര്യങ്ങൾ ധരിപ്പിച്ച് അഞ്ചുരൂപ വീതം വാടക കൊടുത്ത് മൂന്ന് പായയും സംഘടിപ്പിച്ച് ഞങ്ങൾ ഡോർമിറ്ററിയിലേക്ക് ചേക്കേറി.
ഇരുന്നൂറ് പേരെ ഉൾക്കൊള്ളാനാകുന്ന നെടുനെങ്കൻ കെട്ടിടം അപകടാവസ്ഥയിലാണ്.
ഞങ്ങൾ മൂന്ന് പേരും കെട്ടിടത്തിന്റെ ഒരരിക് ചേർന്ന് പായ വിരിച്ച് സ്ഥാനമുറപ്പിച്ചു. വസ്ത്രം മാറി കുളിക്കാനായി വെളിയിലിറങ്ങി. സമയം അഞ്ച് മണിയായിട്ടുണ്ടാകും. നല്ല തണുപ്പ് അനുഭവപ്പെടുന്നുണ്ടായിരുന്നു. തണുപ്പ് വകവയ്കാതെ
സമീപത്ത് തന്നെയുള്ള ഒരു ചെറിയ അരുവിയിൽ പോയി കുളിച്ചു വന്നു. ഏഴ് മണിയോടെ കഞ്ഞി റെഡിയായിട്ടുണ്ടെന്നുള്ള അറിയിപ്പ് കിട്ടി. ഉടനെ തന്നെ കാന്റീനിൽ പോയി വയറ് നിറയെ കഞ്ഞി മോന്തി. പയർ തോരനും പർപ്പടകവും അകമ്പടിയായി. അടുത്ത ദിവസത്തേക്കുള്ള പ്രഭാതഭക്ഷണവും ഉച്ചയൂണും ഏർപ്പാടാക്കി തിരിയെ ഡോർമിറ്ററിയിൽ എത്തി. രാത്രിയായതോടെ കാലാവസ്ഥയിൽ മാറ്റങ്ങൾ വന്നു തുടങ്ങി. ഹുങ്കാരശബ്ദത്തോടെ വേഗതയിൽ ചീറിയടിക്കുന്ന ശീതക്കാറ്റ് ഒരു പുത്തൻ അനുഭവമായി. ചാറ്റൽ മഴ പോലെ
മഞ്ഞ് പെയ്യുവാൻ തുടങ്ങി. എട്ട് മണിയോടെ എല്ലാ പേരും ഡോർമിറ്ററിയിൽ
കയറി കതകടച്ച് ഉറങ്ങാൻ കിടന്നു.
പിറ്റേന്ന് അതിരാവിലെ തന്നെ ഉണർന്ന് പ്രഭാതകൃത്യങ്ങളെല്ലാം നിർവ്വഹിച്ച് യാത്രക്ക്
തയ്യാറായി. കൃത്യം ഏഴ് മണിക്ക് തന്നെ കയറ്റം ആരംഭിക്കണമെന്ന് ഞങ്ങൾ
തീരുമാനിച്ചിരുന്നു. കാന്റീനിൽ നിന്നും ഏഴരയോടെ പ്രഭാതഭക്ഷണവും പൊതിഞ്ഞ് വാങ്ങി ഏഴരയോടെ ഞങ്ങൾ അതിരുമലയിൽ നിന്നും കയറ്റമാരംഭിച്ചു. നടന്ന് നടന്ന്
വൻ വൃക്ഷങ്ങൾ മാത്രമുള്ള ഘോരവനങ്ങളും, ഈറ്റക്കാടുകളും പിന്നിട്ട് ഒരു ചെറിയ
നീർച്ചാലിനരുകിൽ ഞങ്ങളെത്തി. അവിടെയിരുന്ന് പ്രഭാതഭക്ഷണം കഴിച്ച് അരുവിയിലെ
തെളിനീരിൽ ദാഹമകറ്റി. അരമണിക്കൂർ വിശ്രമിച്ച ശേഷം യാത്രയാരംഭിച്ചു. പോകെ
പോകെ കാട്ടാനകളുടെ വിക്രിയകൾ കാണാറായി. കൊമ്പുകൾ കൊണ്ട് കുത്തിമറിച്ച
മൺകൂനകളും ചവിട്ടിയരച്ച ഈറ്റക്കാടുകളും,ആനപ്പിണ്ടങ്ങളും ആനകളുടെ സാന്നിദ്ധ്യം അകലെയല്ലെന്ന സൂചന തന്നു. ശബ്ദമുണ്ടാക്കാതെ ഞങ്ങൾ നടന്ന് കൊണ്ടേയിരുന്നു.
കയറ്റങ്ങളും ഇറക്കങ്ങളുമായി കിലോമീറ്ററുകൾ പിന്നിട്ട് പൊങ്കാലപ്പാറയിലെത്തി. അഗസ്ത്യർ സ്വാമിക്ക് നിവേദ്യത്തിനായി ഭക്തർ ഇവിടെയാണ് പൊങ്കാലയിടുന്നത്.
വനം വകുപ്പിന്റെ നിരോധനമുണ്ടെങ്കിലും പൊങ്കാലയിടൽ പതിവ് വഴിപാടാണ്.
പൊങ്കാലപ്പാറ തമിഴ്നാട്ടിലാണ് സ്ഥിതിചെയ്യുന്നത്. ഞ്ങ്ങളുടെ പിന്നാലെ വന്ന
വെഞ്ഞാറമ്മൂടുകാരായ ഒരു സംഘം ഭക്തർ പൊങ്കാലയർപ്പിച്ച ശേഷമാണ് മല കയറിയത്. പൊങ്കാലപ്പാറ പിന്നിട്ടപ്പോൾ കയറ്റം കൂടുതൽ ദുഷ്കരമായി.
ഉരുളൻ കല്ലുകളും പരസ്പരം പിണഞ്ഞ് കി ടക്കുന്ന മരങ്ങളുടെ വേരുകളും
കടന്ന് വേണം മുന്നോട്ട് പോകുവാൻ. വളർച്ച മുരടിച്ച ബോൺസായ് പോലുള്ള
മരങ്ങൾ വഴി നീളെ കാണാനുണ്ട്. പ്രത്യേകതരം കവുങ്ങും വളരുന്നുണ്ട്. ഉയരം കൂടുന്തോറും കയറ്റം കൂടുതൽ കഠിനമായി. അള്ളിപ്പിടിച്ച് കയറേണ്ട പാറകൾ നിരവധി. ചെങ്കുത്തായ ചില പാറകളിൽ ഇരുമ്പ് കയർ വലിയ ആണിയടിച്ച്
അതിൽ കെട്ടി താഴേക്കിട്ടിട്ടുണ്ട്. ഈ കയറുകളിൽ തൂങ്ങി മുകളിലേക്ക് കയറണം.
ഈ കടമ്പകളെല്ലാം കടന്ന് ഏകദേശം പന്ത്രണ്ട് മണിയോടെ ഞങ്ങൾ അഗസ്ത്യകൂടത്തിന്റെ നെറുകയിൽ എത്തി. 1869- മീറ്റർ ഉയരമുള്ള ആനമുടി കഴിഞ്ഞാൽ ഉയരം കൊണ്ട് രണ്ടാം സ്ഥാനത്ത് നിൽക്കുന്ന ഈ കൊടുമുടിയുടെ
ഉച്ചിയിലെത്തിയപ്പോൾ സന്തോഷം കൊണ്ട് തുള്ളിച്ചാടാൻ തോന്നി. ശക്തിയോടെ
ചീറിയടിക്കുന്ന തണുത്ത കാറ്റിൽ നിന്നും രക്ഷപ്പെടാൻ പാറപ്പുറത്ത് ഇരിക്കേണ്ടി
വന്നു. സൂര്യൻ തലക്ക് നേരെ മുകളിലായിരുന്നുവെങ്കിലും ചൂട് തീരെയില്ലാത്ത സായന്തനത്തിലെ ഒരു പ്രതീതിയാണ് അനുഭവപ്പെട്ടത്. കൂടെക്കൂടെ മൂടൽമഞ്ഞ്
വന്ന് മൂടുന്നുണ്ടായിരുന്നു.
അഗസ്ത്യകൂടം-ഒരു ദൂരക്കാഴ്ച |
ദുർഘടപാതയിലൂടെകയറ്റം |
ശൈലത്തിന്റെ മറ്റൊരു ദൃശ്യം |
അഗസ്ത്യർ സ്വാമി |
കാഴ്ചകൾ ഞങ്ങൾക്ക് കാണാനായി. പേപ്പാറ ഡാം, നെയ്യാർഡാം, തിരുനെൽ വേലി, അംബാസമുദ്രം, തുടങ്ങിയ പ്രദേശങ്ങളൊക്കെ കാണാനായി. താമ്രപർ ണ്ണി,
നെയ്യാർ, കരമനയാ ർ, തുടങ്ങിയവയുടെ പ്രഭവസ്ഥാനം ഇവിടമാണ്. ഇവയിൽ
താമ്രപർണ്ണി മാത്രം തമിഴ്നാടിലൂടെ ഒഴുകുന്നു.
സമുദ്രനിരപ്പിൽ നിന്നും 6129--അടി ഉയരമുള്ള അഗസ്ത്യകൂടത്തിൽ നിന്നും താഴേക്ക് നോക്കിയാൽ കാണുന്ന കാഴ്ച അതിമനോഹരമാണ്. ഒരു പുരുഷായുസ്സിൽ മാത്രം നമുക്ക് ലഭിക്കുന്ന പുണ്യം. അത്രമാത്രം വിവരിക്കാനാവാത്ത ഒരു തരം നിർവൃതിയാണ് നമുക്ക് ലഭിക്കുക. വായിച്ചോ,
കേട്ടോ ഉണ്ടാവുന്നതിനേക്കാൾ എത്രയോ മടങ്ങ് വലുതാണ് നമുക്കനുഭവവേദ്യമാവുന്നത്. മലമുകളിൽ അനുഭവപ്പെടുന്ന കാലാവസ്ഥാവ്യതിയാനം കാരണം സമയം കൃത്യമായി നിർണ്ണയിക്കാനാവില്ല. എപ്പോഴും മൂടിക്കെട്ടിയ പ്രതീതി. വാച്ച് നോക്കിയപ്പോൾ ഉച്ചക്ക് ഒരു മണിയായിരിക്കുന്നു. ഞങ്ങൾ തിരിച്ചിറങ്ങുവാൻ തീരുമാനിച്ചു. ഒരിക്കൽ കൂടി അഗസ്ത്യർ സ്വാമിയെ പ്രണമിച്ച ശേഷം മടക്കയാത്രയാരംഭിച്ചു. കയറ്റത്തേക്കാൾ കഠിനമാണ് ഇറക്കം. കരുതലോടെ
ഇരുന്നും നിരങ്ങിയും കുത്തനെയുള്ള പാറകളൊക്കെയും പിന്നിട്ടു. സാവധാനത്തിലായി ഞങ്ങളുടെ മടക്കയാത്ര. ചുറ്റുമുള്ള കാടുകളും, മൊട്ടക്കുന്നുകളും, അവയുടെ വന്യഭംഗിയും ആസ്വദിച്ച് ഞങ്ങൾ നടന്ന് കൊണ്ടേയിരുന്നു. ഈറ്റക്കാടുകൾ, പുൽമേടുകൾ, തുടങ്ങിയവയൊക്ക പിന്നിട്ട് പൊങ്കാലപ്പാറയും കടന്ന്
ഞങ്ങൾ ഏകദേശം അഞ്ചുമണിയോടെ അതിരുമലയിലെത്തി. നല്ല വിശപ്പുണ്ടായിരുന്നതിനാൽ കൈയും കാലും മുഖവും കഴുകി നേരെ കാന്റീനിലെത്തി
ഊണ് കഴിച്ചു. അതിന് ശേഷം ഡോർമിറ്ററിയിലെത്തി കുറച്ച് സമയം വിശ്രമിച്ചു. ആറരയോടെ അടുത്തുള്ള അരുവിയിലെത്തി മേൽ കഴുകി വന്ന് ചൂട്
കഞ്ഞിയും കുടിച്ച് ഉറങ്ങാൻ കിടന്നു. ക്ഷീണം കൊണ്ട് ബോധം കെട്ട് ഉറങ്ങിപ്പോയി. രാവിലെ അഞ്ചര മണിക്ക് തന്നെ ഉണർന്ന് പ്രഭാതകർമ്മങ്ങളെല്ലാം നിർവ്വഹിച്ച് മടക്കയാത്രക്ക് തയ്യാറായി. കാന്റീനിൽ വന്ന്
പരമ്പുകളെല്ലാം തിരിയെ ഏൽപ്പിച്ച് പ്രഭാതഭക്ഷണം പൊതിഞ്ഞ് വാങ്ങി ഞങ്ങൾ
അതിരുമല വിട്ടു. രാവിലെയായതിനാൽ നടത്തം ഉത്സാഹത്തോടെയായി. വനത്തിലെ വന്മരങ്ങൾ നിരീക്ഷിച്ചും പക്ഷിമൃഗാദികളുടെ ശബ്ദകോലാഹലങ്ങൾ
ശ്രദ്ധിച്ചും ഞങ്ങൾ കാടിറങ്ങി. മുട്ടിടിച്ചാന്മലയും ഏഴുമടക്കം തേരിയും ഇറങ്ങി ഏകദേശം പത്ത് മണിയോടെ അട്ടയാറിലെത്തി. മലമുകളിൽ നിന്നും താഴേക്ക്
പതിക്കുന്ന ചെറിയ വെള്ളച്ചാട്ടത്തിന്റെ ഭംഗിയാസ്വദിച്ച് കൊണ്ട് ഞങ്ങൾ പ്രഭാതഭക്ഷണം കഴിച്ചു. അരമണിക്കൂർ വിശ്രമിച്ച് അരുവിയിൽ കുളിയും കഴിഞ്ഞ്
ഞങ്ങൾ സാവധാനം യാത്രയാരംഭിച്ചു.
വൃക്ഷങ്ങളെക്കുറിച്ച് കൂടുതൽ അറിയാവുന്ന ശ്രീ. അരുളപ്പൻ അവയെക്കുറിച്ച് വിവരിച്ച്
തന്നു. അപൂർവ്വമായ സസ്യസമ്പത്തുള്ള നെയ്യാർ-പേപ്പാറ വന്യജീവിസങ്കേതത്തിലുൾപ്പെടുന്ന ഈ പ്രദേശത്ത് വിവിധ തരത്തിലുള്ള ഇരുനൂറോളം
വൃക്ഷങ്ങൾ ഉണ്ടെന്നാണ് വനം വകുപ്പ് അവകാശപ്പെടുന്നത്. നെയ്യാർ വന്യജീവിസങ്കേതത്തിന് 128- ച.കി. മീറ്റർ വിസ്തൃതിയും പേപ്പാറ വന്യജീവിസങ്കേതത്തിന് 5300-ഹെക്റ്റർ വിസ്തീർണ്ണവും ഉണ്ട്. ആന, മ്ലാവ്, കാട്ടുപോത്ത്, പുലി, സിംഹവാലൻ കുരങ്ങ്, തുടങ്ങിയ വന്യമൃഗങ്ങളുടെ ആവാസസ്ഥാനമാണിവിടം.
സുഖകരമായ കാലാവസ്ഥയായിരുന്നതിനാൽ നടത്തം ആയാസരഹിതമായി. വേനലിന്റെ
കാഠിന്യം അറിയാതെ കാടിന്റെ നിറസാന്നിദ്ധ്യം ആസ്വദിച്ച് കൊണ്ട് ഞങ്ങൾ നടന്ന്
കൊണ്ടേയിരുന്നു. ഏകദേശം ഒരു മണിയോടെ അവസാനക്യാമ്പായ ലാത്തിമൊട്ടയും
കടന്ന് ഞങ്ങൾ ബേസ് ക്യാമ്പായ ബോണക്കാട് എത്തി.വനം വകുപ്പ് ഉദ്യോഗസ്ഥരുടെ പരിശോധനയും കഴിഞ്ഞ് ഒന്നരയോടെ അരുളപ്പന്റെ കാറിൽ മടക്കയാത്ര ആരംഭിച്ചു. രണ്ട് മണിയോടെ വിതുരയിലെത്തി ഒരു നാടൻ ഹോട്ടലിൽ
നിന്നും ഊണും കഴിച്ച് 4- മണിയോടെ വീടുകളിലെത്തി.
അഗസ്ത്യാർ കൂടം യാത്ര ഒരു വലിയ മോഹമാണ്. എന്നെങ്കിലും നടക്കുമായിരിക്കും. എപ്പോൾ എങ്ങനെ എന്നുള്ള കാര്യങ്ങളൊക്കെ വിശദമാക്കിത്തന്ന ഈ വിവരണത്തിന് നന്ദി ചേട്ടാ.
ReplyDeleteവായിച്ചപ്പോള്‍ കൊതി തോന്നി അവിടെ പോകാന്‍. മുകളിലേക്ക് കയറാനല്ല. കാട്ടിലൂടെ നടക്കാന്‍. പക്ഷേ അതൊരിക്കലും നടക്കാത്ത സ്വപ്നമാണെന്ന് അറിയാം.. ഇങ്ങനെയെങ്കിലും അവിടെ പോകാന്‍ പറ്റിയതിന് സന്തോഷം..
ReplyDeleteഞാനും നിങ്ങളോടൊപ്പം അഗസ്ത്യാർകൂടം യാത്രക്ക് ഉണ്ടായിരുന്നില്ലേന്നൊരു സംശയം...! അത്രക്കു ഹൃദ്യമായി എഴുതിയിരിക്കുന്നു. ഇങ്ങനെയൊരു യാത്ര എന്നെ സംബന്ധിച്ചിടത്തോളം ഒരു സ്വപ്നം മാത്രമെന്നറിയാവുന്നതു കൊണ്ട് കുറച്ച് അസൂയയോടെ തന്നെ പിന്മാറുന്നു.
ReplyDeleteആശംസകൾ...