Monday, July 27, 2009

ചെറായിയില്‍ വിരിഞ്ഞ ബൂലോകസൌഹൃദം.........

൨൦൦൯-ജൂലായ് ൨൬.ചെറായിയിലെ ബൂലോകസംഗമസുദിനം.സന്തോഷകരവും, സൌഹൃദപൂര്‍ണ്ണവുമായ ഈ കൂട്ടായ്മ സമ്മാനിച്ച സുവര്‍ണ്ണനിമിഷങ്ങള്‍ നമ്മുടെ മനസ്സിലെ ഹാര്‍ഡ് ഡിസ്കില്‍ നിന്നും ഒരിക്കലും ഡിലീറ്റ് ചെയ്യപ്പെടില്ല.നമുക്ക് കൂടെ ക്കൂടെ തുറന്ന് നോക്കാന്‍ പറ്റുന്ന ഫയലായി അങ്ങനെ കിടക്കും.
തിരുവനന്തപുരത്ത് നിന്നും എറണാകുളം ജില്ലയിലെ ചെറായിയിലെത്തുക എന്നുള്ളത് തികച്ചും ശ്രമകരം തന്നെയാണ്.രാവിലെ ൬.൨൫-ന് തിരുവനന്തപുരത്ത് നിന്നും യാത്ര തിരിക്കുന്ന ജനശതാബ്ദിയില്‍ ടിക്കറ്റ് റിസര്‍വ് ചെയ്തിരുന്നതിനാല്‍ യാത്ര അത്ര ദുഷ്കരമായില്ല. ധൃതിയില്‍ രാവിലെ ൬.൧൫-ന് സ്റ്റേഷനിലെത്തിയപ്പോള്‍ അങ്കിള്‍, കേരള ഫാര്‍മര്‍ ചന്ദ്രേട്ടന്‍, ശ്രീ@ശ്രേയസ് തുടങ്ങിയവര്‍ എന്നെയും പ്രതീക്ഷിച്ച് നില്‍പ്പുണ്ടായിരുന്നു. ഞങ്ങള്‍ക്കെല്ലാപേര്‍ക്കും ഒരേ കൂപ്പെയില്‍ തന്നെ സീറ്റുകള്‍ തരപ്പെട്ടു.കൃത്യസമയത്ത് തന്നെ യാത്ര പുറപ്പെട്ട് ൯.൪൫ -ന് തന്നെ എറണാകുളത്ത് എത്തി.
ഞങ്ങള്‍ എറണാകുളത്തെത്തി-അങ്കിളിനെയും,ശ്രീ@ശ്രേയസിനെയും കാണാം.
സമയലാഭത്തിനായി ട്രയിനില്‍ നിന്നും വാങ്ങിയ പ്രഭാതഭക്ഷണം കൊണ്ട് ഞങ്ങള്‍ പശിയകറ്റി.ദിവസങ്ങള്‍ക്ക് മുന്‍പ് തന്നെ “ജോയെ” വിളിച്ച് ചെറായിയില്‍ എത്തേണ്ട റൂട്ടും, വാഹനസൌകര്യങ്ങളുടെ ലഭ്യതയും മനസിലാക്കിയിരുന്നു.എറണാകുളത്ത് നിന്നും രണ്ട് ആട്ടോകളിലായി (ബ്ലോഗര്‍ വേദവ്യാസന്‍ വര്‍ക്കലയില്‍ നിന്നും കയറിയ വിവരം പറയാന്‍ വിട്ടുപോയി,ക്ഷമിക്കണം)ഞങ്ങള്‍ ഹൈക്കോടതി കവലയിലെത്തി. താമസം വിന ചെറായിയിലേക്കുള്ള ബസ്സും കിട്ടി.൧൦-മണിക്ക് ഞങ്ങള്‍ ചെറായി ലക്ഷ്യമാക്കി യാത്രയായി. ൧൧-മണിയോടെ ദേവസ്വം കവലയില്‍ ഇറങ്ങി വീണ്ടും രണ്ട് ആട്ടോയില്‍ ചെറായി ബീച്ച് ലക്ഷ്യമാക്കി യാത്രയാരംഭിച്ചു. പ്രകൃതി ആവോളം കനിഞ്ഞ് നല്‍കിയ സൌന്ദര്യം ചെറായിയെ വേറിട്ടതാക്കുന്നു. കണ്ണെത്താദൂരത്തോളം പരന്ന് കിടക്കുന്ന കായലിന്റെ മദ്ധ്യത്തിലൂടെ കായല്‍ പരപ്പിലുടെ അടിക്കുന്ന കുളിര്‍ കാറ്റുമേറ്റ് ഞങ്ങള്‍ യാത്ര തുടര്‍ന്നു. ഏതാനും മിനിറ്റുകള്‍ക്കകം ഞങ്ങള്‍ ചെറായിബീച്ചിലെത്തി.
സംഗമവേദിയിലേക്ക് സ്വാഗതം- ബാനര്‍ കാണാം
ആട്ടോയില്‍ നിന്നും ഇറങ്ങുമ്പോള്‍ തന്നെ വേദിയില്‍ നിന്നും ഉച്ചഭാഷിണിയിലൂടെ ബൂലോകരുടെ പരിചയപ്പെടുത്തലുകള്‍ കേള്‍ക്കാമായിരുന്നു.ഇറങ്ങിയ പാടെ നേരെ രജിസ്ട്രേഷന്‍ കൌണ്ടറിലെത്തി നടപടിക്ക്രമങ്ങള്‍ പൂര്‍ത്തിയാക്കി.എഴുത്തുകാരിയുടെ നേതൃത്വത്തില്‍ വനിതാബ്ലോഗര്‍മാരാണ് സ്തുത്യര്‍ഹമായ ഈ ജോലി സസന്തോഷം ഏറ്റെടുത്തത്.എഴുത്തുകാരിയെക്കൂടാതെ ബിന്ദു, കിച്ചു,പിരിക്കുട്ടി തുടങ്ങിയവരും സഹായത്തിനുണ്ടായിരുന്നു. നന്ദി സഹോദരികളെ,നന്ദി.കണ്ട പാടെ സ്വയം പരിചയപ്പെടുത്തിയ എഴുത്തുകാരിയുടെ സമീപനം ശ്ലാഘനീയം.രജിസ്ട്രേഷന്‍ പൂര്‍ത്തിയാക്കി ഹാളിനകത്തേക്ക് കടന്നു.കലശലായ ദാഹമുണ്ടായിരുന്നതിനാല്‍ നേരെ ചായ വിതരണം ചെയ്യുന്നിടത്തേക്ക് പോയി.ചായയ്ക് ബിസ്ക്കറ്റ് കൂടാതെ ലതികയുടെ വക ചക്കയപ്പവും, വരിക്കച്ചക്കപ്പഴവും ഉണ്ടായിരുന്നു(ലതികയും അമ്മയും ചേര്‍ന്ന് തയാറാക്കിയ ഈ നാടന്‍ വിഭവങ്ങള്‍ക്കുള്ള ക്രെഡിറ്റ് അമ്മയ്ക്കും കൂടിയുള്ളതാണ്.അമ്മയ്ക് എന്റെ വക പ്രണാമം. അമ്മയുടെ നല്ല മനസിന് നന്ദി) എല്ലാം കൊണ്ടും തുടക്കം തന്നെ ഗംഭീരമായി.

ചായയും രണ്ട് മൂന്ന് ചക്കയപ്പവും വരിക്കച്ചക്കപ്പഴവും കഴിച്ച് കഴിഞ്ഞപ്പോള്‍ വയര്‍ ഫുള്‍.നേരെ ഓല മേഞ്ഞ ഹാളിനകത്തേക്ക് കടന്നപ്പോള്‍ ക്യാമറയും തൂക്കി ഹരീഷ് തൊടുപുഴ അരികിലെത്തി പരിചയപ്പെട്ടു.ബ്ലോഗര്‍മാരുടെ പരിചയപ്പെടുത്തലുകള്‍ തുടര്‍ന്ന് കൊണ്ടേയിരിക്കുന്നു.ഇതിനിടയില്‍ ഞാനും എന്നെ പരിചയപ്പെടുത്തി.പന്ത്രണ്ട് മണിയോടെ എല്ലാ ബ്ലോഗര്‍മാരും എത്തി. എഴുപത്തെട്ടോളം ബ്ലോഗര്‍മാരും, അവരുടെ കുടുംബാംഗങ്ങളുമൊക്കെയായി ൧൧൮-പേര്‍ ഹാളിലുണ്ടായിരുന്നു.

ഒരു സമ്മേളനത്തിന്റെ ചിട്ടവട്ടങ്ങളോ, മുന്‍ കൂട്ടി തയ്യാറാക്കിയ പരിപാടികളോ ഇല്ലാതെ തികച്ചും അനൌപചാരികമായി നടന്ന ഈ കൂട്ടായ്മ സംഘടിപ്പിച്ച ഹരീഷ് തൊടുപുഴ,മണികണ്ഠന്‍,അനില്‍@ബ്ലോഗ്,നാട്ടുകാരന്‍,ജോ,ലതികയുടെ ഭര്‍ത്താവും പൊതുപ്രവര്‍ത്തകനുമായ സുഭാഷ്,നിരക്ഷരന്‍(മനോജ് രവീന്ദ്രന്‍),ലതിക എന്നിവരെ എത്ര തന്നെ അഭിനന്ദിച്ചാലും മതിയാവില്ല.നന്ദി... നന്ദി...സുഹൃത്തുക്കളെ.കുടുംബത്തില്‍ നടക്കുന്ന ഒരു സുപ്രധാനചടങ്ങ് വിജയിപ്പിക്കുവാന്‍ പാട് പെടുന്ന ഇരുത്തം വന്ന ഒരു വീട്ടമ്മയെ പോലെ എല്ലായിടത്തും ഓടി നടന്ന് കാര്യങ്ങള്‍ നിയന്ത്രിച്ച ലതികക്ക് വീണ്ടും നന്ദിയുടെ നറുമലരുകള്‍. അവരുടേയും, ഭര്‍ത്താവ് സുഭാഷിന്റേയും സംഘടനാപാടവം ഇവിടേയും തിളങ്ങിനിന്നു.

പരിചയപ്പെടുത്തലുകള്‍ കഴിഞ്ഞതോടെ കാര്‍ട്ടൂണിസ്റ്റ് സജീവായി സ്ഥലത്തെ പ്രധാന ആകര്‍ഷണകേന്ദ്രം.കാരിക്കേച്ചര്‍ വരപ്പില്‍ അഗ്രഗണ്യനായ അദ്ദേഹം ഏതാനും മണിക്കൂറുകള്‍ കൊണ്ട് മുഴുവന്‍ ബൂലോകരുടേയും കാരിക്കേച്ചര്‍ തയ്യാറാക്കി ഞങ്ങളെ അത്ഭുതപ്പെടുത്തി.ഈ പരിപാടിക്കിടയിലും ബൂലോകര്‍ പരസ്പരം പരിചയപ്പെടലും, സൌഹൃദം പങ്കിടലും തുടര്‍ന്ന് കൊണ്ടേയിരുന്നു.മുരളി(ബിലാത്തിപ്പട്ടണം) എന്ന ബ്ലോഗറുടെ മാജിക്ക് ബൂലോകര്‍ക്ക് അത്ഭുതമായി.

ഇതിനിടയില്‍ ലതികയുടെ അറിയിപ്പ് ഉച്ചഭാഷിണിയിലൂടെ മുഴങ്ങി “വിഭവസമൃദ്ധമായ ഉച്ചഭക്ഷണം റസ്റ്റോറന്റില്‍ തയാറായിട്ടുണ്ട്.സ്ത്രീകളും കുട്ടികളും ആദ്യം പോകണം.പ്രായമായവര്‍ക്കും,പ്രമേഹരോഗികള്‍ക്കും മുന്‍ ഗണന.”അപ്പോഴാണ് ഒരു ചാണ്‍ വയറിനെ പറ്റി ഓര്‍ത്തത്.ഞാനും കേരള ഫാര്‍മര്‍ ചന്ദ്രേട്ടനും റസ്റ്റോറന്റിലേക്ക് നടന്നു.അവിടെ ചെന്നപ്പോള്‍ അങ്കിളും, ധര്‍മ്മദാരങ്ങളും കുശാലായി പശിയകറ്റുന്നു.എന്തെല്ലാം വിഭവങ്ങള്‍.കൂട്ടിന് കൊതിയൂറും വിവിധ തരം കറികള്‍.മരിച്ചീനി(കപ്പ)പുഴുങ്ങിയത്, കരിമീന്‍ വറുത്തത്,നെയ് മീന്‍ കറി,ഇറച്ചിക്കറി,നിരക്ഷരന്റെ വീട്ടില്‍ നിന്നും തയാറാക്കി കൊണ്ട് വന്ന ചെമ്മീന്‍ വട( നന്ദി!) ലതിക തയ്യാറാക്കിയ മാങ്ങയച്ചാര്‍(നന്ദി!) സാമ്പാര്‍,പുളിശ്ശേരി,പര്‍പ്പടകം, എന്ന് വേണ്ട വായില്‍ കപ്പലോടിക്കാന്‍ പാകത്തിന് വിഭവങ്ങളുടെ ഒരു നീണ്ട നിര തന്നെയുണ്ട്.ഇഷ്ടം പോലെ വിളമ്പി കഴിക്കാം(സായിപ്പിന്റെ ബുഫെ).ഇതെല്ലാം കണ്ട മാത്രയില്‍ വിശപ്പ് പമ്പ കടന്നു(കണ്ട് നിറഞ്ഞു).ഊണ് കഴിഞ്ഞ് ഫ്രൂട്ട് സാലഡ്.(ഒരു ഞാലിപ്പൂവന്‍ പഴംകൂടി കരുതാമായിരുന്നു).പോട്ടെ സാരമില്ല.സംഘാടകരുടെ തൊപ്പിയില്‍ അങ്ങനെ ഒരു പൊന്‍ തൂവല്‍ കൂടി.

ഉച്ചഭക്ഷണം കഴിഞ്ഞുള്ള സെഷന്‍ സമയക്കുറവ് മൂലം വെട്ടിച്ചുരുക്കേണ്ടിവന്നു.വാഴക്കോടന്റെ മിമിക്രി,
മനുവിന്റെ ചൊല്‍ക്കാഴ്ച,മണികണ്ഠന്റെ പാട്ട്, ചാര്‍വാകന്റെ നാടന്‍പാട്ട്,ഒരു ബാലികയുടെ ഗാനം,ലതികയുടെ കവിതാപാരായണം, തുടങ്ങിയവ സംഗമത്തിന് മിഴിവേകി. ഈണം പ്രവര്‍ത്തകരുടെ സംഭാവനയായ സി.ഡി.പ്രകാശനവും,ബുക്ക് റിപ്പബ്ലിക്കിന്റെ പുസ്തകപരിചയവും ചടങ്ങിന് മാറ്റ് കൂട്ടി.

മുന്‍ കൂട്ടി തയാറാക്കാതെ നിമിഷനേരം കൊണ്ട് വിവിധ തരം പരിപാടികള്‍ അനൌണ്‍സ് ചെയ്ത് കൊണ്ട് ഹാളിലങ്ങോളമിങ്ങോളം ഓടിനടന്ന ലതിക ഈ കൂട്ടായ്മയിലെ തിളങ്ങുന്ന താരമായി.സമയം ൩.൩൦. പരിപാടി വൈന്റപ്പ് ചെയ്യാന്‍ സമയമായി.ബൂലോകരില്‍ ചിലര്‍ നന്ദി പ്രകാശിപ്പിച്ചു.അതോടെ ചരിത്രത്തിന്റെ ഭാഗമായി മാറിയ ഒരു കൂട്ടായ്മക്ക് തിരശ്ശീല വീണു.

രാവിലെ ഞങ്ങളുടെയൊപ്പം വന്ന അങ്കിളും ഭാര്യയും അമരാവതി റിസോര്‍ട്ടില്‍ തങ്ങി. അങ്കിളിനെ കൂടാതെ ഞങ്ങള്‍ മടക്കയാത്രയാരംഭിച്ചു.അനില്‍@ബ്ലോഗിന്റെ വണ്ടിയില്‍ ചെറായി ദേവസ്വം കവലയിലെത്തി അവിടെ നിന്നും ബസില്‍ എറണാകുളത്തേക്ക്. ൫.൨൫-ന്റെ ജനശതാബ്ദിയില്‍ കയറിക്കൂടി ൯-മണിക്ക് തിരുവനന്തപുരത്തെത്തി.അങ്ങനെ അതിരുകളില്ലാത്ത സൌഹൃദം അര്‍ത്ഥവത്തായി.

രജിസ്ട്രേഷന്‍ കൌണ്ടര്‍

പരിചയപ്പെടുത്തല്‍ പുരോഗമിക്കുന്നു
സജ്ജീവിന്റെ കാരിക്കേച്ചര്‍ സെഷന്‍
ശാപ്പാട് കുശാല്‍
കുറിപ്പ്:ചെറായി ബൂലോകസംഗമത്തിന്റെ കൂടുതല്‍ ചിത്രങ്ങള്‍ ഇവിടെ കാണാം.

Thursday, July 2, 2009

ആന നിരത്തി

"പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തിനകത്തെ ഒരു പ്രകൃതി സുന്ദരമായ വനപ്രദേശമാണ്ആന നിരത്തി”. പേര് ദ്യോതിപ്പിക്കുന്നത് പോലെ കാട്ടാനകളുടെ സ്വൈരവിഹാരരംഗമാണ് സ്ഥലം. രാത്രിയിലാണെന്ന് മാത്രം.തിരുവനന്തപുരം ജില്ലയില്‍ ആറുകാണി എന്ന മലയോരഗ്രാമത്തില്‍ നിന്നും ഏകദേശം നാല് കി.മീ. അകലെയായി റിസര്‍വ്വ് വനത്തിനകത്താണ് പ്രകൃതിസുന്ദരമായ സ്ഥലം.തമിഴ് നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലുള്ള സ്ഥലം ഒരു കുന്നിന്‍ മുകളിലാണ്.കേരളവനം വകുപ്പിന്റേയും തമിഴ് നാട് വനം വകുപ്പിന്റേയും സുരക്ഷാജീവനക്കാര്‍ ഇവിടെ സദാസമയവും കര്‍മ്മ നിരതരാണ്.രണ്ട് വകുപ്പുകളും ജീവനക്കാര്‍ക്കായി വെവ്വേറെ കെട്ടിടങ്ങളും,കാവല്‍ ഗോപുരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
എന്റെ ഒരു പരിചയക്കാരനായ വിജയന്‍ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ആന നിരത്തിയിലാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് അവിടം സന്ദര്‍ശിക്കുവാനുള്ള പ്രേരണയായി.ഇത്തരം സാഹസിക യാത്ര ഇഷ്ടപ്പെടുന്ന അന്‍പത് വയസ്സിന് മേല്‍ ഒരു സുഹൃത് സംഘം എനിക്കുണ്ട്.ഞങ്ങള്‍ ഇടക്കിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഞങ്ങള്‍ ആന നിരത്തിയിലേക്കുള്ള സാഹസികയാത്രക്കായി തിരഞ്ഞെടുത്തു.രാവിലെ എട്ട് മണിക്ക് സുഹൃത്ത് അരുളപ്പന്റെ മാരുതി കാറില്‍ ഞങ്ങള്‍ അഞ്ച് പേരുമായി യാത്ര തിരിച്ചു.ദേശീയ പാത ൪൭-ലെ അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആറ് കാണി ജംഗ്ഷനിലെത്തി.മുന്‍ നിശ്ചയപ്രകാരം അവിടെ വച്ച് വിജയനെയും കൂട്ടി. അവിടെ ഒരു കടയില്‍ നിന്നും ലഘുഭക്ഷണത്തിനുള്ള വക സംഘടിപ്പിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുപ്പിവെള്ളം വാങ്ങുന്നതില്‍ നിന്നും വിജയന്‍ ഞങ്ങളെ തടഞ്ഞു. കുപ്പി വെള്ളത്തേക്കാള്‍ ശുദ്ധമായ വെള്ളം കാട്ടുചോലയില്‍ നിന്നും ലഭിക്കുമെന്ന് വിജയന്‍ ഉവാച.
ആഹാരസാധനങ്ങളൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ അവിടെ നിന്നും യാത്രയായി.ഉദ്ദേശം ഒന്നര കി.മീ. സഞ്ചരിച്ച് ആന നിരത്തിയുടെ അടിവാരത്തില്‍ ഞങ്ങളെത്തി.ആന നിരത്തി ഒരു കുന്നിന്‍ മുകളിലാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ.ഞങ്ങളുടെ കാര്‍ ഒരു ആദിവാസി കുടിലിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ആന നിരത്തിയിലേക്ക് യാത്രയാരംഭിച്ചു.ഒരു റബ്ബര്‍ തോട്ടം കടന്ന് വേണം കാട്ടിനകത്തേക്ക് കടക്കുവാന്‍.
>ഞങ്ങള്‍ കയറ്റം ആരംഭിച്ചു

ശബ്ദമുണ്ടാക്കാതെ വളരെ സാവകാശം സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ആനയുടെ ശല്യമുണ്ടായാല്‍ മനസാന്നിദ്ധ്യം കൈവിടാതെ കയറ്റത്തിലേക്ക് ഓടിക്കയറണമെന്നും വിജയന്‍ നിര്‍ദ്ദേശിച്ചു.വിജയന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പതിയെ നടത്തം തുടങ്ങി.ആനക്കൂട്ടങ്ങള്‍ ചവിട്ടിയരച്ച മുളങ്കാടുകളും ഈറ്റക്കാടുകളും കാട്ടുവഴിയിലുടനീളം കാണാറായി.ചീവീടുകള്‍ തൊട്ട് വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും പ്രകൃതി കനിഞ്ഞരുളിയ കാനനഭംഗിയും മനം കുളിര്‍ക്കെ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്കിടെ മലമടക്കുകളിലെ തെളിനീര്‍ ഞങ്ങള്‍ ആവോളം കുടിച്ച് ദാഹമടക്കി.


ഇനി ഞങ്ങള്‍ ദാഹം തീര്‍ക്കട്ടെ
കാനനഭംഗിയുടെ ആസ്വാദ്യത ആവോളം

വരയാടുകളുടെ സാമീപ്യം അറിയിക്കുന്ന തമിഴ് നാടിന്റെ ബോര്‍ഡ്

കയറ്റം അതികഠിനം


കാനന ഭംഗി വീണ്ടും

മറ്റൊരു ദൃശ്യം


ഭൂമിയിലൊരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്

കാവല്‍ഗോപുരത്തില്‍ നിന്നുമുള്ള കാഴ്ച


മറ്റൊരു കാഴ്ച


കാവല്‍ ഗോപുരത്തിന് മുന്നില്‍ എന്റെ സുഹൃത്തുക്കള്‍

മറ്റൊരു ദൃശ്യം

ഇനിയല്പം പശിയകറ്റട്ടെ


ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവിട്ടതിന് ശേഷം ആനകളെ കാണാത്ത വിഷമത്തോടെ കാടിറങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി. എന്ത് തന്നെയായാലും മനം കുളിര്‍പ്പിച്ച ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയുകയില്ല.

Monday, November 17, 2008

ചുമട്താങ്ങി


തിരുവനന്തപുരം ജില്ലയില്‍ പാപ്പനംകോട്-- മലയിന്‍ കീഴ് റോഡരുകില്‍ മലയം ജംഗ്ഷനടുത്ത് ഇടത് വശത്തായി ഇപ്പോഴും കാണപ്പെടുന്ന ഒരു “ചുമട്താങ്ങി”യാണിത്. ഇക്കാലത്ത് ചുമടുതാങ്ങികള്‍ നിലനില്‍ക്കുന്നുണ്ടോ എന്ന കാര്യം സംശയമാണ്. 30-35 വര്‍ഷങ്ങള്‍ക്ക് മുന്‍പ് വരെ തിരുവനന്തപുരം ജില്ലയിലങ്ങോളമിങ്ങോളം പാതയരുകില്‍ ജനങ്ങള്‍ക്ക് ആശ്വാസമേകിക്കൊണ്ട് നിലയുറപ്പിച്ചിരുന്ന ചുമടുതാങ്ങികള്‍ നമ്മുടെ പൈതൃകത്തിന്റെ തിരുശേഷിപ്പുകളാണ്.വാഹനസൌകര്യമില്ലാതിരുന്ന പഴയ കാലത്ത് തലച്ചുമടുമായി കാല്‍നടയായി യാത്ര ചെയ്തിരുന്ന ജനങ്ങള്‍ക്ക് സ്വയം ചുമടിറക്കി വിശ്രമിക്കുവാന്‍ ഇത്തരം ചുമട്താങ്ങികള്‍ ഉപകരിച്ചിരുന്നു.കാലം കഴിഞ്ഞതോടുകൂടി വാഹനസൌകര്യങ്ങള്‍ ലഭ്യമാവുകയും ചരക്കുകള്‍ കൊണ്ട് പോകുവാന്‍ വാഹനങ്ങള്‍ ഉപയോഗപ്പെടുത്തുകയും ചെയ്തപ്പോള്‍ ചുമടൂതാങ്ങികളുടെ പ്രസക്തി നഷ്ടമായി.രാജഭരണകാലത്ത് സ്ഥാപിച്ച ഇത്തരം അത്താണികള്‍ നമ്മുടെ രാജ്യം ഭരിച്ചിരുന്ന പ്രജാക്ഷേമതല്‍പ്പരരായ രാജാക്കന്മാരുടെ മനുഷ്യസ്നേഹത്തെയാണ് കാണിക്കുന്നത്.
ചുമട്താങ്ങിയുടെ മറ്റൊരു ചിത്രം.


ശ്രദ്ധിച്ചുനോക്കിയാല്‍ തമിഴിലുള്ള എഴുത്ത് കാണാം
യാതൊരു തരത്തിലുമുള്ള യന്ത്രസാമഗ്രികളും ലഭ്യമല്ലാതിരുന്ന പഴയ കാലത്ത് വെറും മനുഷ്യപ്രയത്നം മാത്രമാണ് ഇതിന്റെ നിര്‍മ്മിതിക്ക് പുറകിലുള്ളത്. തൊട്ടടുത്തുള്ള മൂക്കുന്നിമലയില്‍ നിന്നായിരിക്കാം ഇതിനുള്ള അസംസ്കൃതവസ്തുക്കള്‍ ശേഖരിച്ചിട്ടുള്ളത്. ഉദ്ദേശം ഒരടി കനവും, രണ്ടടി വീതിയും, പത്ത് പന്ത്രണ്ടടി നീളവുമുള്ള കരിങ്കല്‍ സ്ലാ‍ബുകളാണ് ഇതിനായി ഉപയോഗിച്ചിട്ടുള്ളത്. ചുമടുതാങ്ങിക്ക് സാധാരണയായി മൂന്ന് സ്ലാബുകള്‍ വേണം. രണ്ടെണ്ണം അടുത്തടുത്തായി കുഴിച്ച് നിര്‍ത്തി അതിന് മുകളില്‍ ഒരു സ്ലാബ് എടുത്ത് വച്ചാല്‍ ഒരു ചുമട് താങ്ങിയായി. സാധാരണയായി ഇതിനടുത്തായി ഒരു കിണറും കുഴിക്കാറുണ്ട്. വഴിപോക്കര്‍ക്ക് ചുമടിറക്കി വെള്ളവും കുടിച്ച് വിശ്രമിച്ചതിന് ശേഷം യാത്ര തുടരാവുന്നതാണ്. ഇതൊക്കെ ഇന്നത്തെ തലമുറയ്ക് അന്യമാണ്. നമ്മുടെ സാംസ്കാരികപൈതൃകത്തിന്റെ ബാക്കിപത്രങ്ങളാണിത്.

Thursday, October 9, 2008

ശാസ്താമ്പാറയിലേയ്ക് ഒരു യാത്ര

അധികമാരും സന്ദര്‍ശിച്ചിട്ടില്ലാത്ത ശാന്തസുന്ദരവും,പ്രകൃതിരമണീയവുമായ ഒരു സ്ഥലത്തെക്കുറിച്ചാണ് ഈ പോസ്റ്റ്. തിരുവനന്തപുരം ജില്ലയില്‍ വിളപ്പില്‍ശാല പഞ്ചായത്തിലാണ് ഈ സ്ഥലം. വിളപ്പില്‍ശാല ഇ.എം.എസ്സ്.അക്കാഡമിക്കടുത്ത് പ്രധാന റോഡില്‍ നിന്നുമുള്ള ഒരു ഇടറോഡു വഴി ഈ പ്രദേശത്ത് എത്താം. ശാസ്താം പാറ എന്ന് ഇന്നാട്ടുകാരുടെ ഇടയില്‍ അറിയപ്പെടുന്ന ഈ സ്ഥലം സാഹസികത കൈമുതലായുള്ളവര്‍ക്ക് ഒരു അവിസ്മരണീയ അനുഭവമാക്കാം.
തിരുവനന്തപുരത്ത് നിന്നും മലയിന്‍ കീഴിലേയ്കുള്ള യാത്രാമദ്ധ്യേ തച്ചോട്ടുകാവ് ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് അഭയ ഗ്രാമവും പിന്നിട്ട് “മണലി” എന്ന സ്ഥലത്തെത്തിയും ഇവിടെയെത്താം. ഇവിടെയെത്താനുള്ള വഴി ദുര്‍ഘടം പിടിച്ചതാണ്. കുറ്റിച്ചെടികളും, മുള്‍പ്പടര്‍പ്പുകളും വളര്‍ന്ന് നില്‍ക്കുന്ന ഒറ്റയടിപ്പാതയിലൂടെ കയറ്റം കയറി വേണം ശാസ്താം പാറയുടെ അടിവാരത്തിലെത്താന്‍. പോകുന്ന വഴിയില്‍ ഒന്നിലേറെ പാറമടകളുണ്ട്. മൂന്ന് പാറകള്‍ അടുത്തടുത്ത് മുട്ടിയുരുമ്മി ഇരിക്കുന്ന രീതിയിലാണ് ഇതിന്റെ സ്ഥാനം.
അടിവാരത്തിലെത്തി സാഹസപ്പെട്ട് അള്ളിപ്പിടിച്ച് കയറി മുകളിലെത്താം. മുകളില്‍ എത്തിയാല്‍ ക്ഷീണമെല്ലാം പമ്പ കടക്കും.ചീറിയടിക്കുന്ന സുഖശീതളമായ കാറ്റേറ്റ് ചുറ്റുമുള്ള മനോഹരങ്ങളായ പ്രകൃതിദൃശ്യങ്ങള്‍ കണ്ട് സമയം ചെലവിടാം.

ഇതാ കുറെ ചിത്രങ്ങള്‍.
പാറമടയിലെ കുളം



പാറമട ഒരു ദൃശ്യം

ഒരു പ്രകൃതിദൃശ്യം

മറ്റൊരു ദൃശ്യം



പാറയുടെ ഒരു ദൃശ്യം

പാറയുടെ മറ്റൊരു ദൃശ്യം


പാറയില്‍ നിന്നുമുള്ള ഒരു കാഴ്ച




വലിയ ഒരു പാറ


ഈ പാറയില്‍ നിന്നാല്‍ അറബിക്കടലും, മൂക്കുന്നിമലയും, സഹ്യപര്‍വ്വതവും ഒക്കെ കാണാം. സാഹസികരായ ആളുകളെ ശാസ്താം പാറ മാടി വിളിക്കുന്നു. നല്ല ചൂടുള്ള കാലാവസ്ഥയാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ അനുയോജ്യം.

Tuesday, September 9, 2008

ഓണം-- ഗതകാലസ്മൃതികള്‍........-

“പൂ വിളി പൂ വിളി പൊന്നോണമായി..........” സമൃദ്ധിയുടെയും, സ്നേഹത്തിന്റേയും,സമത്വത്തിന്റേയും സ്മരണകളുമായി ഒരു ഓണം കൂടി.മലയാളികള്‍ ഒന്നടങ്കം ജാതിമതഭേദമന്യേ ആഘോഷിക്കുന്ന ഉത്സവമാണ് ഓണം. അത് കൊണ്ടാണ് ഓണം കേരളത്തിന്റെ ദേശീയോത്സവമായി ആഘോഷിക്കപ്പെടുന്നത്. എന്റെ ബാല്യകൌമാരകാലങ്ങളിലെ ഓണം ഒന്ന് വേറെ തന്നെയായിരുന്നു. ഇന്നത്തെ യാന്ത്രികവും, റെഡിമെയ്ഡുമായ ഓണത്തില്‍ നിന്നും എന്ത് കൊണ്ടും വേറിട്ട് നിന്ന ഒരു ഓണമായിരുന്നു അക്കാലത്തേത്. അക്കാലത്തെ ഓര്‍മ്മകള്‍ തന്നെ സന്തോഷം ഉളവാക്കുന്നതാണ്. മലയാളിയുടെ പ്രധാന ഉപജീവനമാര്‍ഗ്ഗം കൃഷിയായിരുന്നു. കാര്‍ഷികവൃത്തിയിലൂടെ ലഭിച്ചിരുന്ന വരുമാനം കൊണ്ട് സുഭിക്ഷമായി ജീവിച്ചിരുന്ന ജനതയുടെ ഒരു വര്‍ഷക്കാലത്തെ സ്വപ്നസാക്ഷാത്കാരം കൂടിയായിരുന്നു ഓണം. ഓണം വിളവെടുപ്പുത്സവം കൂടിയായി മലയാളികള്‍ ആഘോഷിച്ചിരുന്നു. കര്‍ക്കിടകമാസത്തിന്റെ അവസാനനാളുകളില്‍ തന്നെ നെല്ലുള്‍പ്പെടെയുള്ള വിളകളുടെ വിളവെടുപ്പ് പൂര്‍ത്തിയായിരിക്കും.

മഴയൊക്കെ മാറി ആകാശം പ്രസന്നമാവും. ഓണരാവുകളെ താലോലിക്കാന്‍ കുളിര്‍നിലാവുമായി പൂര്‍ണ്ണ ചന്ദ്രനും എത്തും. എങ്ങും ഹരിതാഭ. ചെടികളെല്ലാം പൂവിട്ട് നില്‍ക്കുന്ന വസന്തകാലം. പൂവിളിയും, കോലാഹലങ്ങളുമായി കാടും, മേടും, കുന്നും കയറിയിറങ്ങുന്ന ബാലികാബാലന്മാര്‍. കുട്ടികളെല്ലാം ഉത്സവഹര്‍ഷം കൊണ്ട് തുള്ളിച്ചാടും. അത്തം മുതല്‍ മിക്കവാറും എല്ലാവീടുകളിലും പൂക്കളമൊരുക്കാറുണ്ട്. തുമ്പ, മുക്കുറ്റി, കണ്ണാന്തളി, ചെമ്പരത്തി, എന്ന് വേണ്ട എല്ലാതരത്തിലുമുള്ള പൂക്കളും ഇതിനായി ഉപയോഗിക്കുന്നു.

“അന്നവിചാരം മുന്നവിചാരം” എന്നാണല്ലോ പ്രമാണം. ഓണസദ്യക്കുള്ള ഒരുക്കങ്ങള്‍ അത്തം നാള്‍ തൊട്ടേ തുടങ്ങും. മരം മുറിച്ച് വിറക് കീറി ഉണക്കി മഴ നനയാതെ അടുക്കി വയ്ക്കുകയാണ് പ്രധാനപ്പെട്ട ജോലി. പിന്നീട് കൊയ്തെടുത്ത നെല്ല് പുഴുങ്ങി അരിയാക്കി സൂക്ഷിക്കും. ഓണത്തിന് പുന്നെല്ലരിയുടെ ചോറുണ്ണണം എന്നാണ് വയ്പ്. (പുന്നെല്ലരി--പുതിയ നെല്ലിന്റെ അരി). സദ്യവട്ടങ്ങള്‍ക്ക് വേണ്ട വിഭവങ്ങള്‍ നമ്മുടെ പറമ്പില്‍ വിളഞ്ഞതായിരിക്കും. കായ് കറികള്‍, നേന്ത്രക്കായ്(ഏത്തന്‍ കായ), തേങ്ങ, തുടങ്ങിവയൊക്കെ ഇങ്ങനെ ഉല്‍പ്പാദിപ്പിക്കുന്നു.

ഓണാവധിക്കാലമായതിനാല്‍ എല്ലാ കാര്യങ്ങളിലും കുട്ടികളുടെ സജീവമായ പങ്കാളിത്തം ഉണ്ടാവാറുണ്ട്. ഇന്നത്തെപ്പോലെ പഠനകാര്യങ്ങളില്‍ അമിതപ്രാധാന്യം അന്ന് കല്‍പ്പിച്ചിരുന്നില്ല.പഠനകാര്യങ്ങളില്‍ യാതൊരു തരത്തിലുള്ള മാനസികസംഘര്‍ഷവും കുട്ടികള്‍ക്കുണ്ടായിരുന്നില്ല. നാടന്‍ പന്ത് കളി, പട്ടം പറത്തല്‍, ഊഞ്ഞാലാടല്‍, ഗോലികളി, കരിയിലമാടന്‍ കെട്ടല്‍, പെണ്‍കുട്ടികളുടെ തുമ്പിതുള്ളല്‍, തുടങ്ങിയ വിനോദങ്ങളുമായി കുട്ടികള്‍ അരങ്ങ് തകര്‍ക്കും.

ഒന്നാം ഓണത്തിന് മുന്‍പ് തന്നെ ഓണക്കോടിയും ഒരു ചെറിയ മഞ്ഞ മുണ്ടും കിട്ടും. മഞ്ഞമുണ്ടിന്റെ പ്രത്യേകമണം ഇന്നും ഓര്‍മ്മയില്‍ പച്ച പിടിച്ച് നില്‍ക്കുന്നു. പുത്തനുടുപ്പുകളുമണിഞ്ഞ് മഞ്ഞമുണ്ടും തലയില്‍കെട്ടി ഞങ്ങള്‍ വീടിന് പുറത്തിറങ്ങുന്നു. അയല്‍ വീടുകളിലെ കുട്ടികളുമായി അടിച്ച് പൊളിക്കുകയാണ്. ഭക്ഷണസമയത്ത് മാത്രമേ വീട്ടിലെത്തുകയുള്ളൂ. ഇക്കാലത്തെപ്പോലെ കുട്ടികള്‍ക്ക് യാതൊരു വിലക്കും ഏര്‍പ്പെടുത്തിയിട്ടില്ലായിരുന്നു.

ഊഞ്ഞാലാടല്‍ ലിംഗഭേദമന്യേ എല്ലാ കുട്ടികളും പങ്കെടുക്കുന്ന ഒരു വിനോദമാണ്. ഊഞ്ഞാലില്‍ എണീറ്റ് നിന്ന് കൊണ്ട് സ്വയം കാലുപയോഗിച്ച് തൊണ്ടല്‍ വെട്ടി അങ്ങ് ഉയരത്തില്‍ മരക്കൊമ്പില്‍ കെട്ടിയിരിക്കുന്ന കോടി തോര്‍ത്ത് എടുക്കുന്ന കുട്ടികള്‍ക്ക് സമ്മാനമുണ്ട്. നാടന്‍ പന്ത് കളിയാണ് വേറൊരു കളി. നല്ല വീതിയും വീതിയുമുള്ള ഗ്രൌണ്ട് പന്ത് കളിക്ക് ആവശ്യമാണ്. ഒരു ടീമില്‍ അഞ്ചില്‍ കുറയാതെ അംഗങ്ങള്‍ വേണം. ഒറ്റ, ഇരട്ട, മുറുക്കി, കവടി, താളം എന്നിങ്ങനെയാണ് പന്തടിക്കുന്നതിന് പറയാറുള്ളത്. ഒരു ടീമിലെ അംഗങ്ങള്‍ അടിക്കുന്ന പന്ത് എതിര്‍ടീമിലെ അംഗങ്ങള്‍ കൈ കൊണ്ട് പിടിക്കുകയാണെങ്കില്‍ പന്തടിച്ചയാള്‍ പുറത്ത് പോകും.

കൊയ്ത്ത് കഴിഞ്ഞ വിശാലമായ പാ‍ടങ്ങള്‍ ഇക്കാലത്ത് മറ്റൊരു വിനോദത്തിന്റെ വേദിയാവുന്നു. പന്ത് കളിയോടൊപ്പം പ്രാധാന്യമുള്ള മറ്റൊരു വിനോദമാണ് പട്ടം പറത്തല്‍. പട്ടം സ്വയം ഉണ്ടാക്കാറാണ് പതിവ്. നല്ല കാറ്റുള്ള സമയത്ത് പട്ടം വളരെ ഉയരത്തില്‍ എത്തുന്നു. ഈ അവസരത്തില്‍ കുട്ടികളുടെ ആവേശം അണ പൊട്ടിയൊഴുകും.

കിളിത്തട്ട് കളിയാണ് മറ്റൊരു നാടന്‍ കളി. ഓണത്തോടനുബന്ധിച്ച് പഴയ കാലത്ത് കുട്ടികള്‍ കളിച്ചിരുന്ന വിവിധ തരം കളികള്‍ അന്യം നിന്ന് പോയിരിക്കുന്നു.
ഈ കളികളെല്ലാം നമ്മുടെ പൈതൃകത്തിന്റെ ഭാഗമാണ്. ഇവയെ പുനരുജ്ജീവിപ്പിക്കണം. ഇത് എല്ലാ മലയാളികളുടേയും കടമയാണെന്ന് ഞാന്‍ വിശ്വസിക്കുന്നു.

കാസര്‍കോട് മുതല്‍ പാറശാല വരെയുള്ള പ്രദേശങ്ങളില്‍ ഓണം ആഘോഷിക്കുന്നുണ്ടെങ്കിലും ദേശവ്യത്യാസമനുസരിച്ച് ആചാരങ്ങളിലും, കളികളിലും, ആഘോഷങ്ങളിലും ചില്ലറ വ്യത്യാസങ്ങള്‍ ഉണ്ടാകാറുണ്ട്. കുമ്മാട്ടി, പുലികളി, തുടങ്ങിയവ തൃശൂരിലും പരിസരപ്രദേശങ്ങളിലും അരങ്ങേറുന്ന കളികളാണ്. കുമ്മാട്ടിക്ക് സമാനമായ മറ്റൊരു തരം കളിയാണ് തിരുവനന്തപുരം ജില്ലയിലും മറ്റും കാണപ്പെടുന്ന “കരിയിലമാടന്‍”. കുട്ടികളാണ് ഈ വിനോദത്തില്‍ ഏര്‍പ്പെടുന്നത്. പത്തും പതിനഞ്ചും കുട്ടികള്‍ അടങ്ങുന്ന സംഘങ്ങള്‍ ഒരു കുട്ടിയെ വാഴയുടെ ഉണങ്ങിയ ഇലകള്‍ കൊണ്ട് ശരീരം മുഴുവന്‍ പൊതിഞ്ഞ് കെട്ടി കമുകിന്‍പാളകൊണ്ട് മുഖം മൂടിയും അണിയിച്ച് കൊട്ടും ആര്‍പ്പ് വിളികളുമായി ആനയിച്ച് വീട് വീടാന്തിരം കയറിയിറങ്ങുന്നു. ഇങ്ങനെ കയറിയിറങ്ങുന്ന സംഘങ്ങള്‍ക്ക് വീടുകളില്‍നിന്നും സമ്മാനങ്ങള്‍ കിട്ടാറുണ്ട്. ഈ വിനോദവും ഇപ്പോള്‍ അന്യം നിന്ന് പോയിരിക്കുന്നു.

ഓണാഘോഷങ്ങളില്‍ ഏറ്റവും പ്രാധാന്യം കല്‍പ്പിക്കപ്പെടുന്നത് ഓണസദ്യക്കാണ്. വാഴയുടെ തുമ്പിലയിലാണ് (തൂശനില) വിഭവങ്ങള്‍ വിളമ്പുന്നത്. ഉണ്ണാനിരിക്കുന്ന ആളിന്റെ ഇടത് ഭാഗത്ത് ഇലയുടെ തുമ്പ് വരത്തക്കവിധമാണ് ഇലയിടുന്നത്. ഇഞ്ചിക്കറി, നാരങ്ങക്കറി,മാങ്ങാക്കറി,കിച്ചടി,തോരന്‍, അവിയല്‍ ഈ ക്രമത്തിലാണ് കറികള്‍ വിളമ്പുന്നത്.
ശര്‍ക്കരവരട്ടിയും ഏത്തക്കാവറ്റലും ചെറുപഴവും പര്‍പ്പടകവും കറികള്‍ വിളമ്പുന്നതിന് എതിര്‍വശത്തായി മൂലയില്‍ വിളമ്പുന്നു. കറികളെല്ലാം വിളമ്പിയതിന് ശേഷമേ ചോറ് വിളമ്പാറുള്ളൂ.
ആദ്യം പരിപ്പ് കറിയും(തിരുവനന്തപുരത്ത് ഇതിന് ചെറുപയറ് പരിപ്പാണ് ഉപയോഗിക്കുന്നത്) നെയ്യും ഒഴിച്ച് പര്‍പ്പടകവും പൊടിച്ച് ചേര്‍ത്ത് ഊണ് തുടങ്ങുന്നു. പിന്നീട് സാമ്പാറ്, അത് കഴിഞ്ഞ് പ്രഥമന്‍, പുളിശ്ശേരി,രസം, മോര്, എന്നീ ക്രമത്തില്‍ വിളമ്പി അവസാനിപ്പിക്കുന്നു.

ഊണിന് ശേഷമാണ് കളികളിലും വിനോദങ്ങളിലും ഏര്‍പ്പെടുന്നത്. സ്ത്രീകള്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഊഞ്ഞാലാടല്‍, കൈകൊട്ടിക്കളി, തിരുവാതിരകളി,അമ്മാനമാടല്‍, തുടങ്ങിയവ.
പുരുഷന്മാര്‍ക്കും അവരുടേതായ വിനോദങ്ങളുണ്ട്. ഇന്ന് സ്ഥിതിയാകെ മാറിയിരിക്കുന്നു. പഴയ കാലഓണം ഇന്ന് അവരവരുടെ ഓര്‍മ്മകളില്‍ മാത്രം. കടപ്പാട്: ഗൂഗിള്‍ ഫോട്ടോസ്






Monday, August 18, 2008

ബ്ലോഗ് ക്യാമ്പ് 2008 -- ഒരു അവലോകനം

ഒരു അകക്കാഴ്ച
കാത്തുനില്പിന്റെ നിമിഷങ്ങള്‍






കൊച്ചു വെളുപ്പാന്‍ കാലത്ത് എണീറ്റ് ധൃതിയില്‍ പ്രഭാതകൃത്യങ്ങളൊക്കെ കഴിഞ്ഞ് ബൈക്കില്‍ തിരുവനന്തപുരം റയില്‍ വേ സ്റ്റേഷനില്‍ എത്തിയപ്പോള്‍ “ജനശതാബ്ദി” പുറപ്പെടാന്‍ തയ്യാറായി നില്‍ക്കുന്നു. ചാടിപ്പിടിച്ച് ഡി-2 കമ്പാര്‍ട്ട്മെന്റില്‍ ചാടിക്കയറിയപ്പോള്‍ കേരളഫാര്‍മര്‍ ചന്ദ്രേട്ടന്‍ അതിലുണ്ട്. ബാലാനന്ദന്‍ സാറും അതേ കൂപ്പേയില്‍ കയറിട്ടുണ്ടെന്ന് അദ്ദേഹം അറിയിച്ചു. കൃത്യം 6.30-ന് തന്നെ ട്രയിന്‍ സ്റ്റേഷന്‍ വിട്ടു. മുന്‍ കൂട്ടി റിസര്‍വ്വ് ചെയ്തിരുന്നതിനാല്‍ സീറ്റ് കിട്ടാന്‍ പ്രയാസമുണ്ടായില്ല. 8.40-ന് ആലപ്പുഴയിലെത്തി. സ്റ്റേഷനില്‍ ഇറങ്ങിയ ഞങ്ങള്‍ മൂവരും ഒരു ആട്ടോ കൈ കാണിച്ച് പുന്നമടക്ക് പോകുവാന്‍ വാടക ചോദിച്ചപ്പോള്‍ 100.രൂപ ആകുമെന്ന് മറുപടി. വലിയ തുക ആകുമെന്ന് കണ്ട് ബസ്സില്‍ പോകുവാന്‍ തീരുമാനിച്ചു.
അവിടെ കൂടി നിന്നവരില്‍ ഒരാള്‍ ആലപ്പുഴ ബസ്സ് സ്റ്റേഷന്‍ വരെ ബസ്സ് ഉണ്ടെന്നും അവിടെ നിന്നും ആട്ടോ കിട്ടുമെന്നും പറഞ്ഞതനുസരിച്ച് അല്പം അകലെ പുറപ്പെടാന്‍ തയ്യാറായി നിന്ന ഒരു ബസ്സില്‍ ഞങ്ങള്‍ ഓടിക്കയറി. ആ ബസ്സില്‍ ആലപ്പുഴ ബസ്സ് സ്റ്റേഷനില്‍ എത്തി അവിടെ നിന്നും പാലം കയറി ഒരു ആട്ടോയില്‍ 40-രൂപ കൊടുത്ത് പുന്നമട ജട്ടിയില്‍ ഇറങ്ങി. കൃത്യം 9-മണിക്ക് ബോട്ട് പുറപ്പെടുമെന്ന് അറിയിച്ചിരുന്നത് കൊണ്ട് ധൃതിയില്‍ ഞങ്ങള്‍ ഏതാനും ബോട്ടുകള്‍ കിടക്കുന്നിടത്ത് എത്തി. അവിടവിടെയായി അന്‍പതോളം പേര്‍ നില്‍ക്കുന്നതായി കണ്ടു. സംഘാടകരില്‍ ഒരാളായ ‘കെന്നി’യെ അന്വേഷിച്ചുവെങ്കിലും അവിടെയെങ്ങും കണ്ടില്ല. ബോട്ട് കഴുകുവാന്‍ കൊണ്ട് പോയിരിക്കുകയാണെന്നും 10-മണിയോടെ മാത്രമേ ജട്ടിയില്‍ എത്തുകയുള്ളുവെന്നും ചിലരില്‍ നിന്നും അറിയാന്‍ കഴിഞ്ഞു. ഈ സമയം കൊണ്ട് സര്‍വ്വശ്രീ. പ്രദീപ് സോമസുന്ദരം, കാര്‍ട്ടൂണിസ്റ്റ് സജീവ്, പ്രസന്നകുമാര്‍, ആനന്ദ്, മണി കാര്‍ത്തിക്, തുടങ്ങിയവരെ പരിചയപ്പെടാന്‍ കഴിഞ്ഞു.

കാത്തിരുപ്പിന്റെ നിമിഷങ്ങള്‍ക്ക് വിരാമമിട്ടുകൊണ്ട് 10-മണിക്ക് തന്നെ ബോട്ട് ജട്ടിയില്‍ അടുത്തു. ഞങ്ങള്‍ ഓരോരുത്തരായി ബോട്ടില്‍ കയറി. ഏതാനും മിനുറ്റുകള്‍ക്കുള്ളില്‍ ബോട്ട് ജട്ടി വിട്ടു. തികച്ചും വ്യത്യസ്തവും, നവ്യവുമായ അനുഭവങ്ങള്‍ സമ്മാനിച്ച ഈ ക്യാമ്പിന് ഒട്ടേറെ പുതുമകള്‍ അവകാശപ്പെടാനുണ്ട്.ഭീമന്‍ ഇരുനില ഹൌസ് ബോട്ട് തന്നെ ഒരു കൌതുകമാണ്. ഒരു കോണ്‍ഫറന്‍സിന്റെ നടപടിക്രമങ്ങളൊന്നുമില്ലാതെ പ്രകൃതിരമണീയമായ ചുറ്റുപാടില്‍ കായലിലെ ഓളങ്ങളോട് സല്ലപിച്ചും, ചുറ്റുപാടുമുള്ള നയനമനോഹരങ്ങളായ കാഴ്ചകള്‍ ആസ്വദിച്ചും ഹൌസ് ബോട്ടില്‍ ഒരു പകല്‍ ചിലവഴിക്കാന്‍ സാധിച്ചതിന് സംഘാടകരോട് നന്ദിയുണ്ട്.


സ്വയം പരിചയപ്പെടുത്തലോടെ ആരംഭിച്ച ക്യാമ്പ് ഒരു കനേഡിയന്‍ സായിപ്പിന്റെ ക്ലാസ്സോടെ ഉഷാറായി. ഇതിനിടയില്‍ എടുത്ത് പറയേണ്ട കാര്യം സജീവിന്റെ സാന്നിധ്യമാണ്. ഏതാനും മണിക്കൂറുകള്‍ക്കുള്ളില്‍ മുഴുവന്‍ ക്യാമ്പംഗങ്ങളുടേയും കാരിക്കേച്ചര്‍ വരക്കാന്‍ സാധിച്ചു എന്നുള്ളത് എടുത്ത് പറയത്തക്ക കാര്യമാണ്. സജീവിന്റെ കാര്‍ട്ടൂണ്‍ വര
സര്‍വ്വശ്രീ. മണി കാര്‍ത്തിക്, കെന്നി, ആനന്ദ്, കേരള ഫാര്‍മര്‍ തുടങ്ങിയവരുടെ ക്ലാസ്സുകള്‍ അറിവിന്റെ
കാണാപ്പുറങ്ങളിലേക്ക് നമ്മെ കൂട്ടിക്കൊണ്ട് പോയി. കരിമീനും,താറാവിറച്ചിയും കൂട്ടിയുള്ള ഉച്ചയൂണ് എന്ത് കൊണ്ടും ഗംഭീരമായി.
.


ഞാന്‍ വെള്ളായണി.

ഉച്ചയൂണിന്റെ ആലസ്യത്തിലേക്ക് വഴുതിയ ക്യാമ്പംഗങ്ങളെ ഉഷാറാക്കിയതിന് സുപ്രസിദ്ധ പിന്നണിഗായകന്‍ പ്രദീപ് സോമസുന്ദരത്തിന് നന്ദി. ആഡിയോ ബ്ലോഗിനെ ക്കുറിച്ച് അദ്ദേഹം നടത്തിയ പ്രഭാഷണം ഗംഭീരമായി. ഒന്ന് രണ്ട് പാട്ടുകളും അദ്ദേഹം പാടി.

വൈകുന്നേരം 5.30. മണിയോടെ ഈ അസാധാരണമായ കൂട്ടായ്മക്ക് തിരശ്ശീല വീണു. യാത്ര പുറപ്പെട്ട പുന്നമട ബോട്ട് ജട്ടിയില്‍ത്തന്നെ തിരിയെ എത്തി ഓരോരുത്തരായി പുറത്തിറങ്ങി യാത്രാമംഗളം ചൊല്ലി.ഞാനും കേരളാഫാര്‍മറും ബാലാനന്ദനും ഒരുമിച്ചാണ് മടക്കയാത്ര ആരംഭിച്ചത്. ഒരു ബ്ലോഗിനിയുടെ
കാറില്‍ ആലപ്പുഴ ബസ്സ് സ്റ്റാന്റില്‍ എത്തിയെങ്കിലും ബസ്സ് കിട്ടാതെ റയില്‍ വേ സ്റ്റേഷനില്‍ പോകേണ്ടിവന്നു. ഭാഗ്യം കൊണ്ട് ജനശതാബ്ദി എക്സ്പ്രസ്സ് തന്നെ കിട്ടി. രാത്രി 8.30-ന് തിരുവനന്തപുരത്ത് എത്തിച്ചേര്‍ന്നു.


ശാപ്പാട് കുശാല് ഒരു പ്രകൃതിദൃശ്യം