Showing posts with label യാത്ര. Show all posts
Showing posts with label യാത്ര. Show all posts

Thursday, July 2, 2009

ആന നിരത്തി

"പേപ്പാറ വന്യജീവിസംരക്ഷണകേന്ദ്രത്തിനകത്തെ ഒരു പ്രകൃതി സുന്ദരമായ വനപ്രദേശമാണ്ആന നിരത്തി”. പേര് ദ്യോതിപ്പിക്കുന്നത് പോലെ കാട്ടാനകളുടെ സ്വൈരവിഹാരരംഗമാണ് സ്ഥലം. രാത്രിയിലാണെന്ന് മാത്രം.തിരുവനന്തപുരം ജില്ലയില്‍ ആറുകാണി എന്ന മലയോരഗ്രാമത്തില്‍ നിന്നും ഏകദേശം നാല് കി.മീ. അകലെയായി റിസര്‍വ്വ് വനത്തിനകത്താണ് പ്രകൃതിസുന്ദരമായ സ്ഥലം.തമിഴ് നാടിന്റേയും കേരളത്തിന്റേയും അതിര്‍ത്തിയിലുള്ള സ്ഥലം ഒരു കുന്നിന്‍ മുകളിലാണ്.കേരളവനം വകുപ്പിന്റേയും തമിഴ് നാട് വനം വകുപ്പിന്റേയും സുരക്ഷാജീവനക്കാര്‍ ഇവിടെ സദാസമയവും കര്‍മ്മ നിരതരാണ്.രണ്ട് വകുപ്പുകളും ജീവനക്കാര്‍ക്കായി വെവ്വേറെ കെട്ടിടങ്ങളും,കാവല്‍ ഗോപുരങ്ങളും നിര്‍മ്മിച്ചിട്ടുണ്ട്.
എന്റെ ഒരു പരിചയക്കാരനായ വിജയന്‍ എന്ന വനം വകുപ്പ് ഉദ്യോഗസ്ഥന്‍ ഇപ്പോള്‍ ആന നിരത്തിയിലാണ് ജോലി ചെയ്യുന്നത്.അദ്ദേഹത്തില്‍ നിന്നും കേട്ടറിഞ്ഞ സ്ഥലത്തെ കുറിച്ചുള്ള വിവരങ്ങള്‍ എനിക്ക് അവിടം സന്ദര്‍ശിക്കുവാനുള്ള പ്രേരണയായി.ഇത്തരം സാഹസിക യാത്ര ഇഷ്ടപ്പെടുന്ന അന്‍പത് വയസ്സിന് മേല്‍ ഒരു സുഹൃത് സംഘം എനിക്കുണ്ട്.ഞങ്ങള്‍ ഇടക്കിടെ വിവിധ സ്ഥലങ്ങള്‍ സന്ദര്‍ശിക്കാറുണ്ട്.ഇക്കഴിഞ്ഞ ക്രിസ്തുമസ് ദിവസം ഞങ്ങള്‍ ആന നിരത്തിയിലേക്കുള്ള സാഹസികയാത്രക്കായി തിരഞ്ഞെടുത്തു.രാവിലെ എട്ട് മണിക്ക് സുഹൃത്ത് അരുളപ്പന്റെ മാരുതി കാറില്‍ ഞങ്ങള്‍ അഞ്ച് പേരുമായി യാത്ര തിരിച്ചു.ദേശീയ പാത ൪൭-ലെ അമരവിള ചെക്ക് പോസ്റ്റ് കഴിഞ്ഞുള്ള അടുത്ത ജംഗ്ഷനില്‍ നിന്നും ഇടത്തോട്ട് തിരിഞ്ഞ് ആറ് കാണി ജംഗ്ഷനിലെത്തി.മുന്‍ നിശ്ചയപ്രകാരം അവിടെ വച്ച് വിജയനെയും കൂട്ടി. അവിടെ ഒരു കടയില്‍ നിന്നും ലഘുഭക്ഷണത്തിനുള്ള വക സംഘടിപ്പിച്ചതിന് ശേഷം ഞങ്ങള്‍ യാത്ര തുടര്‍ന്നു.കുപ്പിവെള്ളം വാങ്ങുന്നതില്‍ നിന്നും വിജയന്‍ ഞങ്ങളെ തടഞ്ഞു. കുപ്പി വെള്ളത്തേക്കാള്‍ ശുദ്ധമായ വെള്ളം കാട്ടുചോലയില്‍ നിന്നും ലഭിക്കുമെന്ന് വിജയന്‍ ഉവാച.
ആഹാരസാധനങ്ങളൊക്കെ സംഘടിപ്പിച്ച് ഞങ്ങള്‍ അവിടെ നിന്നും യാത്രയായി.ഉദ്ദേശം ഒന്നര കി.മീ. സഞ്ചരിച്ച് ആന നിരത്തിയുടെ അടിവാരത്തില്‍ ഞങ്ങളെത്തി.ആന നിരത്തി ഒരു കുന്നിന്‍ മുകളിലാണെന്ന് സൂചിപ്പിച്ചിരുന്നുവല്ലോ.ഞങ്ങളുടെ കാര്‍ ഒരു ആദിവാസി കുടിലിന് സമീപം പാര്‍ക്ക് ചെയ്ത് ഞങ്ങള്‍ ആന നിരത്തിയിലേക്ക് യാത്രയാരംഭിച്ചു.ഒരു റബ്ബര്‍ തോട്ടം കടന്ന് വേണം കാട്ടിനകത്തേക്ക് കടക്കുവാന്‍.
>ഞങ്ങള്‍ കയറ്റം ആരംഭിച്ചു

ശബ്ദമുണ്ടാക്കാതെ വളരെ സാവകാശം സഞ്ചരിക്കണമെന്നും ഏതെങ്കിലും തരത്തില്‍ ആനയുടെ ശല്യമുണ്ടായാല്‍ മനസാന്നിദ്ധ്യം കൈവിടാതെ കയറ്റത്തിലേക്ക് ഓടിക്കയറണമെന്നും വിജയന്‍ നിര്‍ദ്ദേശിച്ചു.വിജയന്റെ നിര്‍ദ്ദേശാനുസരണം ഞങ്ങള്‍ പതിയെ നടത്തം തുടങ്ങി.ആനക്കൂട്ടങ്ങള്‍ ചവിട്ടിയരച്ച മുളങ്കാടുകളും ഈറ്റക്കാടുകളും കാട്ടുവഴിയിലുടനീളം കാണാറായി.ചീവീടുകള്‍ തൊട്ട് വിവിധ തരം പക്ഷികളുടെ കളകൂജനങ്ങളും പ്രകൃതി കനിഞ്ഞരുളിയ കാനനഭംഗിയും മനം കുളിര്‍ക്കെ ആസ്വദിച്ച് ഞങ്ങള്‍ യാത്ര തുടര്‍ന്നു.ഇടക്കിടെ മലമടക്കുകളിലെ തെളിനീര്‍ ഞങ്ങള്‍ ആവോളം കുടിച്ച് ദാഹമടക്കി.


ഇനി ഞങ്ങള്‍ ദാഹം തീര്‍ക്കട്ടെ
കാനനഭംഗിയുടെ ആസ്വാദ്യത ആവോളം

വരയാടുകളുടെ സാമീപ്യം അറിയിക്കുന്ന തമിഴ് നാടിന്റെ ബോര്‍ഡ്

കയറ്റം അതികഠിനം


കാനന ഭംഗി വീണ്ടും

മറ്റൊരു ദൃശ്യം


ഭൂമിയിലൊരു സ്വര്‍ഗ്ഗം ഉണ്ടെങ്കില്‍ അതിവിടെയാണ്

കാവല്‍ഗോപുരത്തില്‍ നിന്നുമുള്ള കാഴ്ച


മറ്റൊരു കാഴ്ച


കാവല്‍ ഗോപുരത്തിന് മുന്നില്‍ എന്റെ സുഹൃത്തുക്കള്‍

മറ്റൊരു ദൃശ്യം

ഇനിയല്പം പശിയകറ്റട്ടെ


ഏകദേശം രണ്ട് മണിക്കൂറോളം ഞങ്ങള്‍ അവിടെ ചെലവിട്ടതിന് ശേഷം ആനകളെ കാണാത്ത വിഷമത്തോടെ കാടിറങ്ങി. വഴിയില്‍ ആവി പറക്കുന്ന ആനപ്പിണ്ഡം കാണാനുള്ള ഭാഗ്യവും ഞങ്ങള്‍ക്കുണ്ടായി. എന്ത് തന്നെയായാലും മനം കുളിര്‍പ്പിച്ച ഈ യാത്ര ജീവിതത്തില്‍ ഒരിക്കലും ഞങ്ങള്‍ക്ക് മറക്കാന്‍ കഴിയുകയില്ല.